Skip to content

സ്മൃതി ദി ഹീറോ, ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ തോൽവി സമ്മാനിച്ച് ഇന്ത്യ

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവരിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ഒരിക്കൽ കൂടെ ഓസ്ട്രേലിയയുടെ വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചു.

തുടർച്ചയായി 16 ടി20 മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഈ മത്സരത്തിനെത്തിയത്. എന്നാൽ സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ഇന്ത്യ മത്സരത്തിൽ വിജയം കുറിക്കുകയായിരുന്നു. ഈ വർഷം ഇതാദ്യമായാണ് ടി20 മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെടുന്നത്.

188 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 49 പന്തിൽ 9 ഫോറും 4 സിക്സും അടക്കം 79 റൺസ് സ്മൃതി മന്ദാന നേടിയിരുന്നു. സ്മൃതി പുറത്തായ ശേഷം 13 പന്തിൽ 26 റൺസ് നേടിയ റിച്ച ഗോഷിൻ്റെ മികവിലാണ് ഇന്ത്യ മത്സരത്തിൽ ഒപ്പമെത്തിയത്. അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ ദേവിക വൈദ്യ ഫോർ നേടിയതോടെയാണ് മത്സരം സൂപ്പറോവറിലേക്ക് നീങ്ങിയത്.

സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 റൺസ് അടിച്ചുകൂട്ടിയിരുന്നു. റിച്ച ഗോഷ് ആദ്യ പന്തിൽ സിക്സ് നേടി രണ്ടാം പന്തിൽ പുറത്തായപ്പോൾ താൻ നേരിട്ട മൂന്ന് പന്തുകളിൽ 13 റൺസ് സ്മൃതി മന്ദാന നേടി.

രേണുക സിങിനെയാണ് സൂപ്പറോവർ എറിയാനുള്ള ദൗത്യം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ ഏൽപ്പിച്ചത്. ആദ്യ പന്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ഫോർ നേടിയെങ്കിലും മൂന്നാം പന്തിൽ ഗാർഡ്നറിനെ പുറത്താക്കി നാലാം പന്തിൽ സിംഗിൾ മാത്രം വിട്ടുകൊടുത്തുകൊണ്ട് രേണുക താക്കൂർ സിങ് ഇന്ത്യൻ വിജയം ഉറപ്പിച്ചു.