Skip to content

പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയെങ്കിലും പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ഇടം പിടിച്ചിരുന്നു.

126 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 131 പന്തിൽ 24 ഫോറും 10 സിക്സും ഉൾപ്പടെ 210 റൺസ് നേടിയാണ് പുറത്തായത്. 36 ആം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഇഷാൻ കിഷൻ പുറത്തായത്. 300 റൺസ് നേടുവാൻ തനിക്ക് അവസരമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പുറത്തായതിൽ നിരാശയുണ്ടെന്നും മത്സരശേഷം ഇഷാൻ കിഷൻ പ്രതികരിച്ചു.

” ഈ വിക്കറ്റ് ബാറ്റിങിന് അനുകൂലമായിരുന്നു. എൻ്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു, പന്ത് അവിടെയുണ്ടെങ്കിൽ ബൗണ്ടറി നേടുക. ഡബിൾ നേടിയവരുടെ പട്ടികയിൽ ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടിയതിൽ ഞാൻ ഭാഗ്യവാനാണ്. 15 ഓവർ ബാക്കിയുണ്ടായിരുന്നു, 300 റൺസ് നേടുവാൻ സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ പുറത്തായതിൽ നിരാശയുണ്ട്. ഞാൻ എന്നിൽ അധികം സമ്മർദ്ദം ചെലുത്തുന്നില്ല. അവസരം മുതലാക്കുക മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. ” ഇഷാൻ കിഷൻ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനും സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവർക്ക് ശേഷം ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും ഇഷാൻ കിഷൻ കുറിച്ചു.