Skip to content

തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ ഗവാസ്കറും സംഗക്കാരയും അടക്കമുളള ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ച് ലാബുഷെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ യുവതാരവും ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനുമായ മാർനസ് ലാബുഷെയ്ൻ. തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ താരം നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് ലാബുഷെയ്ൻ.

നേരത്തെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും താരം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും താരം സെഞ്ചുറി നേടിയത്.

ടെസ്റ്റ് കരിയറിൽ ഇത് രണ്ടാം തവണയാണ് മാർനസ് ലാബുഷെയ്ൻ തുടർച്ചയായ മൂന്ന് ടെസ്റ്റ് ഇന്നിങ്സുകളിൽ സെഞ്ചുറി നേടുന്നത്. ഇതിന് മുൻപ് 2019 ലും താരം തുടർച്ചയായ മൂന്ന് ഇന്നിങ്സിൽ സെഞ്ചുറി നേടിയിരുന്നു. ഒന്നിൽ കൂടുതൽ തവണ തുടർച്ചയായ മൂന്ന് ഇന്നിങ്സിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് ലാബുഷെയ്ൻ.

എവർടൺ വീക്സ്, സുനിൽ ഗാവസ്കർ, അരവിന്ദ ഡി സിൽവ, കുമാർ സംഗക്കാര, ഡേവിഡ് വാർണർ എന്നിവരാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.