Skip to content

ഒരോവറിൽ 6 ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ആദ്യ ദിനത്തിൽ സാക്ക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് എന്നിവർക്കൊപ്പം സെഞ്ചുറി കുറിച്ച താരം ഒരോവറിൽ തുടർച്ചയായ 6 ഫോർ നേടികൊണ്ട് അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.

വെറും 80 പന്തിൽ നിന്നുമാണ് മത്സരത്തിൽ താരം സെഞ്ചുറി പൂർത്തിയാക്കിയത്. ആദ്യ ഇന്നിങ്സിൽ സൗദ് ഷക്കീൽ എറിഞ്ഞ 68 ആം ഓവറിലായിരുന്നു തുടർച്ചയായി 6 ഫോർ ഇംഗ്ലണ്ട് യുവതാരം നേടിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ഒരു ബാറ്റ്സ്മാൻ ഒരോവറിലെ 6 പന്തിലും ഫോർ നേടുന്നത്. 1982 ൽ മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീലാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് 2004 ൽ ഇംഗ്ലണ്ട് താരം മാത്യൂ ഹോഗ്ഗാർഡിനെതിരെ ക്രിസ് ഗെയ്ലും 2006 ൽ മുനാഫ് പട്ടേലിനെതിരെ റാംനരേഷ് സർവാനും 2007 ൽ ജെയിംസ് ആൻഡേഴ്സനെതിരെ സനത് ജയസൂര്യയും ഓരോവറിൽ 6 ഫോർ നേടി.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം നാല് ബാറ്റ്സ്മാന്മാരുടെ സെഞ്ചുറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് ഇംഗ്ലണ്ട് അടിച്ചുകൂട്ടി. വെളിച്ചകുറവ് മൂലം കളി നിർത്തിയില്ലെങ്കിൽ ഇതിലും കൂടുതൽ സ്കോർ ഇംഗ്ലണ്ട് നേടിയേനെ. 81 പന്തിൽ 101 റൺസ് നേടിയ ഹാരി ബ്രൂക്കും 15 പന്തിൽ 34 റൺസ് നേടിയ ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.