Skip to content

അഞ്ചാമത്തെ സിക്സിന് ശേഷം ഓർമ്മ വന്നത് അദ്ദേഹത്തെയായിരുന്നു, ചരിത്രനേട്ടത്തെ കുറിച്ച് റിതുരാജ് ഗയ്ക്ക്വാദ്

ആഭ്യന്തര ക്രിക്കറ്റിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ ക്വാർട്ടറിൽ ഓരോവറിൽ 7 സിക്സ് പറത്തി ചരിത്രറെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. ആ ഓവറിൽ ആദ്യ അഞ്ച് സിക്സ് നേടിയ ശേഷം തനിക്കോർമ്മ വന്നത് യുവരാജ് സിങിനെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗയ്ക്ക്വാദ്.

2007 ടി20 ലോകകപ്പിലായിരുന്നു സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 6 സിക്സ് നേടിയത്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലെ 49 ആം ഓവറിൽ ലെഗ് സ്പിന്നർ ശിവ സിങിനെതിരെയാണ് ഒരോവറിൽ 7 സിക്സ് നേടി ചരിത്രനേട്ടം താരം സ്വന്തമാക്കിയത്. നോ ബോളിൽ അടക്കം സിക്സ് നേടിയായിരുന്നു 7 സിക്സ് അടക്കം 43 റൺസ് ഓവറിൽ ഗയ്ക്ക്വാദ് നേടിയത്.

” തുറന്നുപറഞ്ഞാൽ അഞ്ചാമത്തെ സിക്സിന് ശേഷം എനിക്കോർമ്മ വന്നത് യുവരാജ് സിങിനെയായിരുന്നു. എൻ്റെ ചെറുപ്പത്തിൽ 2007 ലോകകപ്പിൽ അദ്ദേഹം ഒരോവറിൽ 6 സിക്സ് നേടിയത് ഞാൻ കണ്ടിരുന്നു. ”

” അദ്ദേഹത്തോടൊപ്പം എൻ്റെ പേരും ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ആറാമത്തെ പന്തിലും ഞാൻ സിക്സിന് തന്നെ ശ്രമിച്ചത്. തുടർച്ചയായി 6 സിക്സ് അടിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. അത് വലിയ സന്തോഷം നൽകുന്നു. അദ്ദേഹത്തോടൊപ്പം എൻ്റെ പേരും വന്നതിൽ അഭിമാനമുണ്ട്. ” റിതുരാജ് ഗയ്ക്ക്വാദ് പറഞ്ഞു.