Skip to content

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ബംഗ്ലാദേശ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ യെ 112 റൺസിൽ ഇന്ത്യ എ ചുരുക്കികെട്ടി.

മറുപടി ബാറ്റിങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 120 റൺസ് നേടിയിട്ടുണ്ട്. 61 റൺസ് നേടിയ യശസ്വി ജയ്സ്വാളും, 53 റൺസ് നേടിയ അഭിമന്യു ഈശ്വരനുമാണ് ഇന്ത്യ എ യ്ക്ക് വേണ്ടി ക്രിസിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് എ യെ എട്ടോവറിൽ 23 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ സൗരഭ് കുമാറാണ് തകർത്തത്. ടെസ്റ്റ് പരമ്പരയിൽ സ്റ്റാൻഡ് ബൈ താരങ്ങളിൽ ഒരാളായ സൗരഭ് കുമാർ ജഡേജയ്ക്ക് പകരക്കാരനായി ടീമിൽ ഇടം നേടുവാൻ ഒരുങ്ങുകയാണ്. ബിസിസിഐ പ്രതീക്ഷിച്ച പോലെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. അടുത്ത വർഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെയായിരിക്കും ജഡേജ മടങ്ങിയെത്തുക.

സൗരഭ് കുമാറിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ സെയ്നിയും രണ്ട് വിക്കറ്റ് നേടിയ മുകേഷ് കുമാറും മികവ് പുലർത്തി. മലയാളി താരം രോഹൻ കുന്നുമ്മലിന് പ്ലേയിങ് ഇലവനിൽ ഇടം നേടുവാൻ സാധിച്ചില്ല.