ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു ഒഴിവാക്കപെട്ടതിന് പുറകെ കേരള താരത്തെ പിന്തുണച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്. ആരാധകർക്ക് പുറമെ മുൻ ഇന്ത്യൻ താരങ്ങളും ഇന്ത്യൻ ടീമിൻ്റെ സെലക്ഷനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് കമൻ്റേറ്റർ ഹർഷ ബോഗ്ലെ.
മുൻ ന്യൂസിലൻഡ് താരവും കമൻ്റേറ്ററും കൂടിയായ സൈമൺ ഡൗളിനൊപ്പം നടന്ന ചർച്ചയിലായിരുന്നു ഹർഷ ബോഗ്ലെ സഞ്ജുവിനെ പിന്തുണച്ചത്. ഇക്കാര്യത്തിൽ സൈമൺ ഡൗളും സഞ്ജുവിനൊപ്പമായിരുന്നു.
” സഞ്ജു റിഷഭ് പന്ത് ചർച്ച വളരെ രസകരമാണ്, 30 മത്സരങ്ങൾ കളിച്ച പന്തിൻ്റെ ശരാശരി 35 ആണ്, അവൻ്റെ സ്ട്രൈക്ക് റേറ്റും മോശമല്ല. പക്ഷേ സഞ്ജുവിനെ നോക്കൂ 11 മത്സരങ്ങൾ കളിച്ച അവൻ്റെ ശരാശരി 60 ന് മുകളിലാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജു പന്തിന് പിന്നിലല്ല, സഞ്ജുവിന് അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്. ” സൈമൺ ഡൗൾ പറഞ്ഞു.
” പന്തിനെ പറ്റി എല്ലാവരും സംസാരിക്കുന്നു, അവനാണ് ഭാവിയെന്ന് പറയുന്നു. അവൻ അവിശ്വസനീയ ടെസ്റ്റ് ക്രിക്കറ്ററാണ്. പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റിൽ അവൻ ഒന്നും തന്നെ ചെയ്തിട്ടില്ല. ” സൈമൺ ഡൗൾ കൂട്ടിച്ചേർത്തു.
മികച്ചവൻ ആരാണെന്ന് ബിസിസിഐ നോക്കുന്നില്ലെന്നായിരുന്നു ഹർഷ ഭോഗ്ലെയുടെ അഭിപ്രായം. പന്തിന് വേണ്ടി ഒരു സ്ഥാനം കണ്ടെത്താനാണ് ബിസിസിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഒരു പരിധി വരെ പന്ത് അർഹനായിരുന്നുവെന്നും പക്ഷേ ആ പരിധി അവസാനിച്ചുവെന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായെന്നും ഹർഷ ഭോഗ്ലെ പറഞ്ഞു.