Skip to content

വുമൺസ് ഐ പി എല്ലിൽ കേരളത്തിൽ നിന്നും ടീമുണ്ടാകും

വരാനിരിക്കുന്ന വനിതാ ഐ പി എല്ലിൽ കേരളത്തിൽ നിന്നും ടീമുണ്ടാകുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം ഐ പി എൽ ടീമുകൾ ഇല്ലാത്ത സിറ്റികളെയാണ് ബിസിസിഐ പരിഗണിക്കുന്നത്. സൗത്ത് ഇന്ത്യയിൽ തമിഴ്നാടിനും കർണാടകയ്ക്കും ഐ പി എൽ ടീമുകൾ ഉള്ളതിനാലാണ് കേരളത്തിന് നറുക്ക് വീണിരിക്കുന്നത്.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരി കേരളത്തിൽ നിന്നും ടീമുണ്ടാകുമെന്ന് തുറന്നുപറഞ്ഞിരുന്നു. 5 ടീമുകളായിരിക്കും പ്രഥമ വുമൺസ് ഐ പി എല്ലിൽ ഉണ്ടാവുക.

400 കോടിയാണ് ഓരോ ടീമുകളുടെയും അടിസ്ഥാന വിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങി ഏഴോളം ടീമുകൾ ഇതിനോടകം ഫ്രാഞ്ചൈസികളെ സ്വന്തമാക്കുവാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുരുഷ ഐ പി എല്ലിലെ പോലെ വളർച്ച വനിത ഐ പി എല്ലിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീമുകളുള്ളത്.

14 വർഷം മുൻപ് മാത്രം ആരംഭിച്ച ഐ പി എൽ ഇതിനോടകം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നായി മാറികഴിഞ്ഞു. 500 കോടി അടിസ്ഥാന വിലയുണ്ടായിരുന്നു ടീമുകളുടെ ഇപ്പോഴത്തെ ബ്രാൻഡ് വാല്യൂ ഒരു ബില്യൺ ഡോളറിന് മേലെയാണ്. ഡിസംബറിൽ നടക്കുന്ന മിനി താരലേലത്തിന് ശേഷമാകും വുമൺസ് ടീമുകളുടെ ലേലം നടക്കുക. എന്നാൽ ഐ പി എല്ലിലെ പോലെ താരലേലം പ്രഥമ സീസണിൽ ഉണ്ടായേക്കില്ല. ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെയായിരിക്കും താരങ്ങളെ ടീമുകൾ സ്വന്തമാക്കുക.