Skip to content

ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഞങ്ങൾ ലോകകപ്പിൽ കളിക്കില്ല, ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് തങ്ങൾ ബഹിഷ്കരിക്കുമെന്ന ഭീഷണി മുഴക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ ഇല്ലെങ്കിൽ പിന്നെ ലോകകപ്പ് ആര് കാണുമെന്ന് നോക്കാമെന്നും റമീസ് രാജ പറഞ്ഞു.

അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ട ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കില്ലെന്നും ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്ഥാൻ പോകില്ലെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ബിസിസിഐ ജനറൽ മീറ്റിങിന് ശേഷം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പാകിസ്താനെ ഒന്നടങ്കം പ്രകോപിപ്പിച്ചിരുന്നു. ഇതിന് പുറകെയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ തന്നെ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

” അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ പിന്നെ ആര് ലോകകപ്പ് കാണുമെന്ന് നോക്കാം. ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യൻ ടീം ഇങ്ങോട്ട് വന്നാൽ മാത്രം ഞങ്ങൾ ലോകകപ്പ് കളിക്കും. ഇല്ലെങ്കിൽ ഞങ്ങളില്ലാതെ അവർ ലോകകപ്പ് കളിക്കേണ്ടിവരും. ”

” പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ സാമ്പത്തിക നില മെച്ചപ്പെടുത്തണമെന്ന് ഞാൻ പറയാറുണ്ട്. അത് മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സാധിക്കൂ. കഴിഞ്ഞ ടി20 ലോകകപ്പിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിച്ചു, ഏഷ്യ കപ്പിലും ഞങ്ങൾ അവരെ തോല്പിച്ചു. ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ടീമിനെ ഒരു വർഷം തന്നെ രണ്ട് തവണ തോൽപ്പിക്കുവാൻ പാകിസ്ഥാന് സാധിച്ചു. ” റമീസ് രാജ പറഞ്ഞു.