Skip to content

പുലിക്ക് പിറന്നത് പുലികുട്ടി, ഓസ്ട്രേലിയയിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ചന്ദ്രപോളിൻ്റെ മകൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് വിൻഡീസ് ഇതിഹാസതാരം ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ. പ്രൈം മിനിസ്റ്റർ ഇലവനെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്.

മത്സരത്തിൽ രണ്ടാം ദിനത്തിൽ വിൻഡീസിൻ്റെ ആദ്യ ഇന്നിങ്സിലായിരുന്നു സെഞ്ചുറി നേടിയ ഒറ്റയാൾ പോരാട്ടം താരം നടത്തിയത്. 293 പന്തിൽ 113 റൺസ് നേടിയാണ് താരം പുറത്തായത്. മത്സരത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തിലെ സെഞ്ചുറിയോടെ നവംബർ 30 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ താരം അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായികഴിഞ്ഞു. 47 റൺസ് നേടിയ ബ്രാത്വെയ്റ്റ് മാത്രമാണ് താരത്തെ കൂടാതെ ഓസ്ട്രേലിയൻ ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിന്നത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ജോഷ് ഇംഗ്ലീഷ് നയിക്കുന്ന പ്രൈം മിനിസ്റ്റർ ഇലവൻ 322 റൺസ് നേടി പുറത്തായിരുന്നു. 4 വിക്കറ്റ് നേടിയ അൽസാരി ജോസഫാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്.

രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര നവംബർ 30 ന് പെർത്തിലാണ് ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായ ഈ പരമ്പര ഓസ്ട്രേലിയൻ ടീമിന് നിർണ്ണായകമാണ്. ഡിസംബർ എട്ടിന് അഡലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.