Skip to content

സഞ്ജു നന്നായി ബാറ്റ് ചെയ്യുന്നു, അവസരങ്ങൾ അർഹിക്കുന്നത് അവനാണ്, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിനെ കുറിച്ച് മനീഷ് പാണ്ഡെ

ഇന്ത്യൻ ടീമിൽ തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് കർണാടക ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ. ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാത്തതിൽ വ്യക്തിപരമായി വിഷമമുണ്ടെന്നും പക്ഷേ തന്നേക്കാൾ മുൻപേ പരിഗണന അർഹിക്കുന്നത് സഞ്ജു സാംസൺ പോലെയുള്ളവർക്ക് തന്നെയാണെന്നും മനീഷ് പാണ്ഡെ തുറന്നുപറഞ്ഞു.

2016 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മനീഷ് പാണ്ഡെ 29 ഏകദിന മത്സരങ്ങളിലും 39 ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അണ്ടർ 19 ഘട്ടം മുതൽ മികവ് തെളിയിച്ച താരം ഐ പി എല്ലിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്.

” ഇന്ത്യൻ ടീമിലും ഞാൻ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് കളികൾ കളിക്കാതെ ഞാൻ പുറത്തിരിക്കേണ്ടി വന്നു. തീർച്ചയായും അക്കാര്യത്തിൽ സങ്കടം തോന്നും. പക്ഷേ അതാണ് ടീമിൻ്റെ ആവശ്യമെങ്കിൽ അതാ സ്പിരിറ്റിൽ കാണേണ്ടതുണ്ട്. ”

” തീർച്ചയായും വ്യക്തിപരമായി അതിലെനിക്ക് സങ്കടമുണ്ട്. പക്ഷേ ഇന്ത്യൻ ടീമിൽ ആർക്ക് തന്നെ അവസരങ്ങൾ ലഭിച്ചാലും അവരുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. സഞ്ജു നന്നായി ബാറ്റ് ചെയ്യുന്നു. അവന് കൂടുതൽ മത്സരങ്ങൾ അർഹിക്കുന്നുവെന്നാണ് ഞാൻ ചിന്തിക്കുന്നത്. എനിക്കതിൽ വിഷമമില്ല. പക്ഷേ വ്യക്തിപരമായി കൂടുതൽ മത്സരങ്ങൾ കളിക്കാനും ഉയർന്ന തലത്തിൽ കഴിവ് തെളിയിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ഇനി എന്തുസംഭവിക്കുന്നുവെന്ന് കണ്ടുതന്നെയറിയാം. ” മനീഷ് പാണ്ഡെ പറഞ്ഞു.