Skip to content

ബംഗ്ലാദേശ് പ്രീമിയർ ലീഗിലും കളിക്കാനൊരുങ്ങി ഇന്ത്യയുടെ മുൻ അണ്ടർ 19 ക്യാപ്റ്റൻ

ബിഗ് ബാഷ് ലീഗിന് പുറകെ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും കളിക്കാനൊരുങ്ങി ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച ചന്ദ് നിലവിൽ അമേരിക്കയിലാണ് കളിക്കുന്നത്. അമേരിക്കയിൽ ആരംഭിക്കാനിരിക്കുന്ന വമ്പൻ ലീഗിലെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ് ഉന്മുക്ത് ചന്ദ്.

ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ ചാറ്റോഗ്രാം ചലഞ്ചേഴ്സ് താരത്തെ സ്വന്തമാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ആരോൺ ഫിഞ്ച് നയിച്ച മെൽബൺ റെനഗേഡ്സിന് വേണ്ടി ഉന്മുക്ത് ചന്ദ് കളിച്ചിരുന്നു.

2012 ൽ ഓസ്ട്രേലിയയിൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയത് ഉന്മുക്ത് ചന്ദിൻ്റെ കീഴിലായിരുന്നു. ഫൈനലിൽ താരം തകർപ്പൻ സെഞ്ചുറിയും നേടിയിരുന്നു. അടുത്ത വിരാട് കോഹ്ലിയെന്ന് ഏവരും വിലയിരുത്തിയ താരത്തിന് എന്നാൽ പ്രതീക്ഷകൾക്കൊത്ത് ഉയരുവാൻ സാധിച്ചില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 67 മത്സരങ്ങളിലും ലിസ്റ്റ് എ ക്രിക്കറ്റിൽ 120 മത്സരങ്ങളിലും താരം കളിച്ചിട്ടുള്ള താരം 15 സെഞ്ചുറി കരിയറിൽ നേടിയിട്ടുണ്ട്.