Skip to content

തിരിച്ചുവരവിൽ ബാറ്റ്സ്മാനെ എറിഞ്ഞുവീഴ്ത്തി ജോഫ്രാ ആർച്ചർ

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ തൻ്റെ മൂർച്ചയേറിയ ബൗളിങിൽ മാറ്റമില്ലെന്ന് തെളിയിച്ച് ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടീമിൻ്റെ പരിശീലന മത്സരത്തിലാണ് താരം പന്തെറിഞ്ഞത്.

പഴയ വേഗതയിലും പന്തെറിയാൻ സാധിച്ചില്ലയെങ്കിൽ കൂടിയും താരത്തിൻ്റെ പന്ത് ഹെൽമറ്റിൽ തട്ടി ഓപ്പണർ സാക്ക് ക്രോളിയ്ക്ക് പരിക്കേറ്റു. തുടർന്ന് കൺകഷൻ ടെസ്റ്റിന് ശേഷമാണ് താരം ബാറ്റിങ് പുനരാരംഭിച്ചത്. അഞ്ചോവർ നീണ്ട സ്പെൽ ആദ്യ ദിനത്തിൽ താരം എറിഞ്ഞിരുന്നു. 2019 ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2021 മാർച്ചിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. രണ്ട് ടി20 ലോകകപ്പും താരത്തിന് നഷ്ടമായി.

താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തുന്നതോടെ ഇംഗ്ലണ്ട് ടീം അതിശക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല. ആർച്ചറുടെ അഭാവത്തിലും ജോസ് ബട്ട്ലറുടെ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. മറുഭാഗത്ത് ബെൻ സ്റ്റോക്സിൻ്റെ കീഴിലുള്ള ടെസ്റ്റ് ടീം ഗംഭീര പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. മാർക്ക് വുഡിനൊപ്പം ആർച്ചറും കൂടിചേർന്നാൽ ഏറ്റവും മികച്ച ബാറ്റിങ് നിരയ്ക്കൊപ്പം മികച്ച ബൗളിങ് നിരയും ഇംഗ്ലണ്ടിന് സ്വന്തമാകും.

ആർച്ചറുടെ തിരിച്ചുവരവിന് ഇംഗ്ലണ്ടിന് മാത്രമല്ല മുംബൈ ഇന്ത്യൻസിനും ഗുണകരമാകും. അടുത്ത ഐ പി എല്ലിൽ ബുംറയ്ക്കൊപ്പം ആർച്ചറും കളിച്ചാൽ മുംബൈ ഇന്ത്യൻസിനെ പിടിച്ചുകെട്ടുകയെന്നത് മറ്റു ടീമുകൾക്ക് എളുപ്പമാവില്ല.