Skip to content

എൻ്റെ ടീമിൽ എല്ലാവർക്കും അവസരം ലഭിക്കും, ടി20 പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് അവസരം നൽകാതിരുന്നതിനെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഇത് തൻ്റെ ടീമാണെന്നും ശരിയായ ടീമിനെയാണ് താനും കോച്ചും തിരഞ്ഞെടുത്തതെന്നും ചില താരങ്ങളെ പരിഗണിക്കാതിരുന്നത് വ്യക്തിപരമല്ലെന്നും തുറന്നുപറഞ്ഞ ഹാർദിക്ക് എന്നാൽ എല്ലാവർക്കും അവസരം ഉറപ്പാക്കുമെന്നും തുറന്നുപറഞ്ഞു.

ലോകകപ്പിന് മുൻപുള്ള പരമ്പരകളിൽ പരിഗണിക്കാതിരുന്ന ഇഷാൻ കിഷന് ഇന്ത്യ പരമ്പരയിൽ അവസരം നൽകിയിരുന്നു. കൂടാതെ റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ എന്നിവരെ സഞ്ജുവിന് മുൻപേ ഇന്ത്യ പരിഗണിച്ചു.

” ഇത് എൻ്റെ ടീമാണ്, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തിരഞ്ഞെടുക്കുക. ഇനി ഒരുപാട് സമയമുണ്ട്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കും. പക്ഷേ അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം അവർക്ക് സ്ഥിരമായി അവസരം ഉറപ്പാക്കേണ്ടതുണ്ട്. ഇതൊരു ചെറിയ പരമ്പരയായിരുന്നു. ഇതൊരു വലിയ പരമ്പര ആയിരുന്നെങ്കിൽ കൂടുതൽ കളിക്കാർക്ക് അവസരം ലഭിച്ചേനെ. ”

” ഇത്തരത്തിലുള്ള ചെറിയ പരമ്പരകളിൽ മാറ്റങ്ങൾ വരുത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഉദാഹരത്തിന് സഞ്ജുവിനെ കളിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്തോ കാരണത്താൽ ഞങ്ങൾക്കതിന് സാധിച്ചില്ല. ആരൊക്കെ എന്തുതന്നെ പറഞ്ഞാലും അത് ടീമിലുണ്ടായിട്ടും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്തത് വിഷമകരമാണെന്ന് എനിക്കറിയാം. ഞാൻ എന്ത് തന്നെ പറഞ്ഞാലും അത് വെറും വാക്കുകൾ മാത്രമായിരിക്കും. പക്ഷേ ടീമിൽ കളിക്കാർക്ക് വിഷമം തോന്നിയാൽ എന്നോടോ കോച്ചിനോടോ വന്ന് സംസാരിക്കാൻ കഴിയുന്ന ഒരു ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ക്യാപ്റ്റനായി തുടർന്നാൽ അത് പ്രശ്നമാകില്ലെന്ന് ഞാൻ കരുതുന്നു. ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.