Skip to content

മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി ഐസിസി റാങ്കിങിൽ സൂര്യകുമാർ യാദവിൻ്റെ മേധാവിത്വം

ഐസിസി ടി20 റാങ്കിങിൽ തൻ്റെ മേധാവിത്വം തുടർന്ന് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ പരമ്പരയിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവ് മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കികൊണ്ട് റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ഐസിസി ടി20 ലോകകപ്പിൽ 239 റൺസ് നേടിയ സൂര്യ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം 124 റൺസ് നേടിയിരുന്നു. ഇതോടെ ഐസിസി റാങ്കിങിൽ 890 റേറ്റിങ് പോയിൻ്റോടെ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദ് റിസ്വാനേക്കാൾ 54 പോയിൻ്റിന് മുൻപിലാണ് സൂര്യകുമാർ യാദവ്.

രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ താരത്തിൻ്റെ റേറ്റിങ് പോയിൻ്റ് 895 ആയി ഉയർന്നിരുന്നു. ടി20 റാങ്കിങിൽ ഒരു ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ റേറ്റിങ് പോയിൻ്റ് കൂടിയാണിത്.

ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനാണ് റാങ്കിങിൽ ഏറ്റവും ഉയർന്ന റേറ്റിങ് പോയിൻ്റ് നേടിയിട്ടുള്ളത്. 2020 ൽ താരത്തിൻ്റെ റേറ്റിംഗ് 915 ആയി ഉയർന്നിരുന്നു. 2018 ൽ 900 പോയിൻ്റ് നേടിയ ആരോൺ ഫിഞ്ച്, 2014 ൽ 897 പോയിൻറ് നേടിയ വിരാട് കോഹ്ലി, 2019 ൽ 896 പോയിൻ്റ് നേടിയ ബാബർ അസം എന്നിവരാണ് ഈ പട്ടികയിൽ സൂര്യകുമാർ യാദവിന് മുൻപിലുള്ളത്.