Skip to content

തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഇരുവരുടെയും മികവിലായിരുന്നു വമ്പൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കുമൊപ്പം ഇരുവരും കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 269 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. വാർണർ 106 റൺസ് നേടിയപ്പോൾ ഹെഡ് 152 റൺസ് നേടിയാണ് പുറത്തായത്. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് തവണ 250+ റൺസ് കൂട്ടിച്ചേർക്കുന്ന രണ്ടാമത്തെ ബാറ്റിങ് ജോഡികളായി ഇരുവരും മാറി. ഇതിന് മുൻപ് 2017 ൽ ശ്രീലങ്കയ്ക്കെതിരെ അഡ്ലെയ്‌ഡിൽ 284 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.

സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. 1998 ൽ കൊളംബോയിൽ 252 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 2001 കെനിയക്കെതിരെ 258 റൺസ് നേടിയിരുന്നു.

മത്സരത്തിൽ 221 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 31.4 ഓവറിൽ 142 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.