Skip to content

വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

കോവിഡ് പ്രതിസന്ധി ക്രിക്കറ്റിനെ സാരമായി ബാധിച്ചുവെങ്കിലും വരുമാനത്തിൽ അധികം നഷ്ടമുണ്ടാക്കാതെ ബിസിസിഐ. കഴിഞ്ഞ വർഷവും വരുമാനത്തിൽ മറ്റു ക്രിക്കറ്റ് ബോർഡുകളെ ബഹുദൂരം പിന്നിലാക്കുവാൻ ബിസിസിഐയ്‌ക്ക് സാധിച്ചു.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ബിസിസിഐയുടെ വരുമാനം 3730 കോടി രൂപയാണ്. 2843 കോടി വരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2135 കോടി വരുമാനവുമായി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് രണ്ടാം സ്ഥാനത്തുള്ളത്.

811 കോടി വരുമാനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് നാലാം സ്ഥാനത്തുള്ളത്. ക്രിക്കറ്റിലെ ബിഗ് ത്രീ എന്നറിയപെടുന്ന ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഇ സി ബിയും വലിയ വരുമാനം കണ്ടെത്തുമ്പോൾ അതിൻ്റെ പകുതി വരുമാനം പോലും കണ്ടെത്താൻ മറ്റുള്ള ക്രിക്കറ്റ് ബോർഡുകൾക്ക് സാധിക്കുന്നില്ല.

ഫുൾ മെമ്പർ രാജ്യങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ്. കഴിഞ്ഞ വർഷം ശ്രീലങ്കയുടെ വരുമാനം 100 കോടി മാത്രമാണ്. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന് 113 കോടിയും വിൻഡീസ് ക്രിക്കറ്റ് ബോർഡിന് 116 കോടിയും വരുമാനം കണ്ടെത്താൻ സാധിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ വരുമാനം 210 കോടിയും ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വരുമാനം 485 കോടിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ വരുമാനം 805 കോടിയുമാണ്.