Skip to content

ക്യാപ്റ്റനെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്, നിക്കോളാസ് പൂറനും പുറത്ത്

ഐ പി എൽ 2023 സീസൺ താരലേലത്തിന് മുൻപായി തങ്ങളുടെ ടീമിലെ രണ്ട് ദേശീയ ടീം ക്യാപ്റ്റന്മാരെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ടീമിൻ്റെ ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസണെയും നിക്കോളാസ് പൂറനെയും സൺറൈസേഴ്സ് ഒഴിവാക്കി.

എട്ട് വർഷത്തോളം ടീമിനൊപ്പം തുടരുന്ന വില്യംസണായിരുന്നു കഴിഞ്ഞ സീസണിൽ ടീമിലെ ഏറ്റവും വിലയേറിയ താരം. വാർണറിനെയും റാഷിദ് ഖാനെയും കൈവിട്ട സൺറൈസേഴ്സ് 14 കോടിയ്ക്കാണ് വില്യംസണെ നിലനിർത്തിയത്. ടീമിന് വേണ്ടി 76 മത്സരങ്ങൾ കളിച്ചിട്ടുള്ള വില്യംസൺ 2101 റൺസ് നേടിയിട്ടുണ്ട്. 46 മത്സരങ്ങളിൽ ടീമിനെ വില്യംസൺ നയിച്ചിരുന്നു.

കഴിഞ്ഞ മെഗാ താരലേലത്തിൽ 10.75 കോടിയ്‌ക്കാണ് വിൻഡീസ് ക്യാപ്റ്റൻ കൂടിയായ നിക്കോളാസ് പൂരനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ മികവ് പുലർത്താൻ താരത്തിന് സാധിച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും മോശം പ്രകടനമാണ് താരം തുടരുന്നത്. പൂറൻ്റെ കീഴിലെത്തിയ വിൻഡീസ് ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

ഇരുവരെയും ഒഴിവാക്കിയത് വരെ 24.75 കോടി രൂപ പേഴ്സിൽ അധികമായി നേടുവാൻ സൺറൈസേഴ്സിന് സാധിച്ചു. ഇംഗ്ലണ്ട് ഓൾ റൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൺ, ഓസ്ട്രേലിയൻ യുവതാരം കാമറോൺ ഗ്രീൻ എന്നിവരെയായിരിക്കും സൺറൈസേഴ്സ് ലേലത്തിൽ ലക്ഷ്യമിടുക.