Skip to content

മുൻഗണന ടെസ്റ്റ് ക്രിക്കറ്റിന്, ഐ പി എല്ലിൽ നിന്നും പിൻമാറി ഇംഗ്ലീഷ് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ നിന്നും പിന്മാറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സ്. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബില്ലിങ്സ് ഐ പി എല്ലിൽ നിന്നും പിന്മാറിയിരിക്കുന്നത്.

അടുത്ത സീസണിന് മുൻപേ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഈ മാസം 15 ന് അന്നൗൺസ് ചെയ്യാനിരിക്കെയാണ് ബില്ലിങ്സ് അടുത്ത സീസണിൽ താൻ പിൻമാറിയതായി അറിയിച്ചത്. കഴിഞ്ഞ മെഗാ താരലേലത്തിൽ 2 കോടിയ്ക്കാണ് ബില്ലിങ്സിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. സീസണിൽ 8 മത്സരങ്ങൾ കളിച്ച താരം 169 റൺസ് നേടിയിരുന്നു.

ഈ വർഷം ജൂലൈയിൽ ഇന്ത്യയ്ക്കെതിരായ മാറ്റിവെച്ച ടെസ്റ്റ് മത്സരത്തിൽ ബില്ലിങ്സ് ഇംഗ്ലണ്ടിനായി കളിച്ചിരുന്നു. ജോണി ബെയർസ്റ്റോയ്‌ക്ക് പരിക്ക് പറ്റിയ സാഹചര്യത്തിൽ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ബില്ലിങ്സിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഐ പി എല്ലിൽ നിന്നും പിന്മാറി ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ താരം തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൻ, അഫ്ഗാൻ വിക്കറ്റ് കീപ്പർ ഗർബാസ് എന്നിവരെ ട്രേഡ് വഴി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചിരുന്നു. ഡിസംബർ 23 ന് കൊച്ചിയിലാണ് ഇക്കുറി താരലേലം നടക്കുന്നത്. ഈ മാസം 15 ന് മുൻപായി നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകൾ സമർപ്പിക്കണം.