Skip to content

ഇന്ത്യൻ ആരാധകർക്കൊപ്പം മുട്ടാനാവില്ല, ലോകകപ്പ് ഫൈനലിലെ അറ്റൻഡൻസ് ഇന്ത്യ സിംബാബ്‌വെ മത്സരത്തിനേക്കാൾ താഴെ

ഒരു മാസത്തോളം നീണ്ടുനിന്ന ഐസിസി ടി20 ലോകകപ്പിന് മെൽബണിൽ സമാപനം കുറിച്ചിരിക്കുകയാണ്. 16 ടീമുകൾ ഏറ്റുമുട്ടിയ ടൂർണ്ണമെൻ്റിൽ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാരായത്.

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം കാണുവാൻ 80,462 പേരാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത്. ഫൈനൽ പോരാട്ടമായിരുന്നിട്ടും ഇന്ത്യ പാക് പോരാട്ടത്തിലെയും ഇന്ത്യ സിംബാബ്‌വെ മത്സരത്തിലെയും കാണികളുടെ എണ്ണത്തെ മറികടക്കാൻ സാധിച്ചില്ല.

ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണുവാൻ 90293 കാണികൾ എം സി ജിയിലെത്തിയപ്പോൾ ഇന്ത്യയും സിംബാബ്വെ മത്സരം കാണുവാൻ 82507 പേരെത്തിയിരുന്നു. 2020 ൽ നടന്ന ഐസിസി വുമൺസ് ടി20 ലോകകപ്പിലെ ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിൽ എം സി ജിയിലെ അറ്റൻഡൻസ് 86174 ആയിരുന്നു.

2015 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനാണ് ഈ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ക്രിക്കറ്റ് മത്സരം. 93013 പേർ ഓസ്ട്രേലിയ ന്യൂസിലൻഡ് ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 2013 ൽ നടന്ന ആഷസ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തിൽ മാത്രം 91092 പേർ ഈ സ്റ്റേഡിയത്തിലെത്തിയിരുന്നു.