Skip to content

ഇതിനർഹൻ ഞാനല്ല അവനാണ്, പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകേണ്ടിയിരുന്നത് ബെൻ സ്റ്റോക്സിനാണെന്ന് സാം കറൺ

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് താരം സാം കറൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും താരം നേടിയിരുന്നു. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചത് തനിക്കല്ലെന്ന് സാം കറൺ തുറന്നുപറഞ്ഞു.

ഫിഫ്റ്റി നേടി ടീമിൻ്റെ വിജയം ഉറപ്പാക്കിയ ബെൻ സ്റ്റോക്സിനാണ് പ്ലേയർ ഓഫ് ദി മാച്ച് നൽകേണ്ടിയിരുന്നതെന്ന് സാം കറൺ തുറന്നുപറഞ്ഞു. മത്സരത്തിൽ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 49 പന്തിൽ പുറത്താകാതെ 52 റൺസ് ബെൻ സ്റ്റോക്സ് നേടിയിരുന്നു.

ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡിനൊപ്പം പ്ലേയർ ഓഫ് ദി സിരീസ് അവാർഡും നേടിയത് സാം കറണായിരുന്നു. ഫൈനലിൽ നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ താരം ടൂർണമെൻ്റിൽ 13 വിക്കറ്റുകൾ നേടിയിരുന്നു.

ഇത് രണ്ടാം തവണയാണ് ഐസിസി ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടുന്നത്. ഇതിന് മുൻപ് 2010 ൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം നേടിയിരുന്നു. അന്ന് ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയെയാണ് ഇംഗ്ലണ്ട് പരാജയപെടുത്തിയത്. വെസ്റ്റിൻഡീസിന് ശേഷം ഒന്നിൽ കൂടുതൽ തവണ ടി20 ലോകകപ്പ് കിരീടം നേടുന്ന ടീം കൂടിയാണ് ഇംഗ്ളണ്ട്.