Skip to content

അന്ന് താൻ കാരണം നഷ്ടപെട്ട കിരീടം വർഷങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ബെൻ സ്റ്റോക്സ്

ഐസിസി ടി20 ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപെടുത്തി ചാമ്പ്യന്മാരായിരിക്കുകയാണ് ഇംഗ്ലണ്ട്. മെൽബണിൽ നടന്ന ഫൈനലിൽ 5 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടറുടെ വീണ്ടെടുപ്പ് കൂടിയായിരുന്നു ഈ കിരീടം.

ഫൈനൽ പോരാട്ടത്തിൽ 49 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 52 റൺസ് ബെൻ സ്റ്റോക്സ് നേടിയിരുന്നു. പാകിസ്ഥാൻ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും കരുതലോടെ ഒരു ഭാഗത്ത് നിലയുറപ്പിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

2016 ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിനെതിരെ അവസാന ഓവറിൽ നാല് സിക്സ് നേടിയാണ് കാർലോസ് ബ്രാത്വെയ്റ്റ് വെസ്റ്റിൻഡീസിന് കിരീടം നേടികൊടുത്തത്. അതിൽ നിന്നും ശക്തമായി തിരിച്ചെത്തിയ സ്റ്റോക്സ് 2019 ഏകദിന ലോകകപ്പിൽ ടീമിൻ്റെ വിജയശിൽപ്പിയായി മാറിയിരുന്നു. ഇപ്പോഴിതാ അന്ന് താൻ മൂലം നഷ്ടപെട്ട ടി20 ലോകകപ്പ് കിരീടം 6 വർഷങ്ങൾക്ക് ശേഷം നേടികൊടുത്തിരിക്കുകയാണ് ബെൻ സ്റ്റോക്സ്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ഫിഫ്റ്റി നേടിയ സ്റ്റോക്സിനൊപ്പം 17 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറും 13 പന്തിൽ 19 റൺസ് നേടിയ മൊയിൻ അലിയും ഇംഗ്ലണ്ടിനായി തിളങ്ങി.