Skip to content

അവരുടെ വിജയം ആഘോഷിക്കുന്നുവെങ്കിൽ അവരുടെ തോൽവികളെയും അംഗീക്കരിക്കണം, ഇന്ത്യൻ ടീമിനെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ തോറ്റ് പുറത്തായതോടെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. മുൻ താരങ്ങൾ അടക്കമുള്ളവർ ഇന്ത്യൻ താരങ്ങളെയും ടീമിനെയും വിമർശിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ.

ഇന്ത്യൻ ടീമിൻ്റെ ഓരോ വിജയവും ആഘോഷിക്കുന്ന പോലെ പരാജയവും അംഗീകരിക്കാൻ തയ്യാറവണമെന്ന് സച്ചിൻ ആരാധകരോട് അഭ്യർത്ഥിച്ചു.

” ഒരു നാണയത്തിന് ഇരു വശങ്ങളുണ്ട്. അതുപോലെ ജീവിതത്തിനും. നമ്മുടെ ടീമിൻ്റെ വിജയം നമ്മുടേത് പോലെ ആഘോഷിക്കുകയാണെങ്കിൽ നമ്മുടെ ടീമിൻ്റെ തോൽവികളും അംഗീകരിക്കാൻ നമുക്ക് കഴിയണം. ” സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. സൗത്താഫ്രിക്കയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പരാജയപെട്ടത്. എന്നാൽ സെമിഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല പൊരുതാൻ പോലും സാധിക്കാതെയാണ് ഇന്ത്യ മത്സരത്തിൽ പരാജയപെട്ടത്. ഇതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്.

ഇനി അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളത്.