Skip to content

അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ താരങ്ങളെ മറ്റു രാജ്യങ്ങളിലെ ടി20 ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നതിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റു രാജ്യങ്ങളിലെ താരങ്ങൾ എല്ലാ ലീഗുകളിലും കളിച്ചുകൊണ്ട് അവിടുത്തെ സാഹചര്യങ്ങളിൽ കളിക്കാൻ പഠിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ആ അവസരം ലഭിക്കുന്നില്ല.

സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച അലക്സ് ഹെയ്ൽസ് ബിഗ് ബാഷ് ലീഗിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. വിദേശ ലീഗുകളിൽ കളിക്കുന്നത് കളിക്കാർക്ക് തീർച്ചയായും ഗുണകരമാകുമെന്ന് വ്യക്തമാക്കിയ ദ്രാവിഡ് പക്ഷേ അതിന് പിന്നിലെ വെല്ലുവിളികളും ചൂണ്ടികാട്ടി.

” ഒരുപാട് കളിക്കാർ ഇവിടെ വന്നുകൊണ്ട് ടൂർണമെൻ്റിൽ കളിച്ചുവെന്നത് ശരിയാണ്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിന് ഇത് ബുദ്ധിമുട്ടാണ്. കാരണം ഈ ടൂർണമെൻ്റുകൾ പലതും ഞങ്ങളുടെ സീസണിൻ്റെ തിരക്കേറിയ സമയത്താണ് നടക്കുന്നത്. ഞങ്ങളുടെ കളിക്കാർക്ക് ഇത്തരം ലീഗുകളിൽ കളിക്കാനുള്ള അവസരം ലഭിക്കുന്നില്ല. പക്ഷേ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ബിസിസിഐയാണ്. ”

” അതിന് അനുവാദം നൽകിയാൽ ഇന്ത്യൻ കളിക്കാർക്ക് വലിയ ഡിമാൻഡ് ഉണ്ടാകും. ഞങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റ് ഉണ്ടാകില്ല. ഞങ്ങളുടെ രഞ്ജി ട്രോഫിയും മറ്റും അവസാനിക്കും. അതിനർത്ഥം ടെസ്റ്റ് ക്രിക്കറ്റും അവസാനിക്കും എന്നാണ്. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്. വെസ്റ്റിൻഡീസിന് സംഭവിച്ചത് എന്താണെന്ന് കണ്ടുവല്ലോ അത് ഇന്ത്യയ്ക്കും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ” ദ്രാവിഡ് കൂട്ടിച്ചേർത്തു.