Skip to content

ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായിരിക്കുകയാണ് സഞ്ജു സാംസൺ.

ബാറ്റിങ് നിരയുടെയും ഒപ്പം ബൗളിങ് നിരയുടെയും മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. അനായാസം റൺസ് സ്കോർ ചെയ്യേണ്ടിയിരുന്ന പിച്ചിൽ മോശം സമീപമായിരുന്നു ഇന്ത്യൻ മുൻനിരയിൽ നിന്നുമുണ്ടായത്. കെ എൽ രാഹുൽ 5 പന്തിൽ 5 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 28 പന്തിൽ 27 റൺസ് നേടി പുറത്തായി.

പവർപ്ലേയിൽ 38 റൺസ് നേടുവാൻ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. മറുഭാഗത്ത് ഇംഗ്ലണ്ട് പവർപ്ലേയിൽ 63 റൺസ് അടിച്ചുകൂട്ടിയിരുന്നു.

ഐസിസി ടി20 ലോകകപ്പിന് മുൻപും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെത്തിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യയുടെ തോൽവിയ്ക്ക് പുറകെ ആ പ്രതിഷേധം കൂടുതൽ വർധിച്ചിരിക്കുകയാണ്.

ഈ വർഷം ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കായി സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. 5 ഇന്നിങ്സിൽ നിന്നും 44.75 ശരാശരിയിൽ 158.40 സ്ട്രൈക്ക് റേറ്റിൽ 179 റൺസ് സഞ്ജു നേടിയിരുന്നു.