Skip to content

ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജോസ് ബട്ട്ലറെയും കൂട്ടരെയും ഇന്ത്യ ഭയക്കണമെന്നും ഇന്ത്യയേക്കാൾ മികച്ച ടീമാണ് ഇംഗ്ലണ്ടെന്നും മൈക്കൽ വോൺ പറഞ്ഞു.

” ടി20 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഇംഗ്ലണ്ട് ആരാധകർ പറയുന്നത് എതിരാളികളായി ഇന്ത്യ വേണ്ടായിരുന്നുവെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനെ പേടിക്കേണ്ടത്. ഈ കാലഘട്ടത്തിൽ ഇന്ത്യയേക്കാൾ മികച്ച വൈറ്റ് ബോൾ ടീമാണ് തങ്ങളെന്ന് ഇംഗ്ലണ്ട് തെളിയിച്ചുകഴിഞ്ഞതാണ്. ” മൈക്കൽ വോൺ പറഞ്ഞു.

” അഡ്‌ലെയ്ഡിൽ ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്ന ആരാധക പിന്തുണയായിരിക്കും ഇന്ത്യയെ ഫേവറൈറ്റ്സുകളാക്കുന്നത്. കാണികളിൽ 95 ശതമാനവും ഇന്ത്യൻ ആരാധകരായിരിക്കും, പക്ഷേ അതവരിൽ കൂടുതൽ സമ്മർദം ചെലുത്തും. ഇംഗ്ലണ്ടാകട്ടെ പൊതുവെ ആ അന്തരീക്ഷത്തെ ഇഷ്ടപെടുന്നവരാണ്. ”

” എന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യം ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടുമോയെന്നതാണ്, കാരണം മികച്ച ബൗളിങ് നിര അവർക്കുണ്ട്. ഇംഗ്ലണ്ട് ചേസിങിൽ മികച്ചവരല്ല. ” വോൺ കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പ് ചരിത്രത്തിൽ മൂന്ന് തവണയാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ രണ്ട് തവണ ഇന്ത്യ വിജയിച്ചപ്പോൾ ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചത്.