Skip to content

അവൻ്റെ വിജയരഹസ്യം അതാണ്, സൂര്യകുമാർ യാദവിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഷാഹിദ് അഫ്രീദി

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതലുള്ള സൂര്യകുമാർ യാദവിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനവും സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ 200 മത്സരത്തിലധികം കളിച്ച ശേഷമാണ് സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യകുമാർ കുമാർ യാദവിൻ്റെ വിജയരഹസ്യവും ഇത് തന്നെയാണെന്ന് ചൂണ്ടികാട്ടിയിരിക്കുകയാണ് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.

” സൂര്യകുമാർ യാദവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപേ അവൻ ആഭ്യന്തര ക്രിക്കറ്റിൽ 200-250 മത്സരങ്ങൾ കളിച്ചുവെന്നതാണ്. അവന് അവൻ്റെ കളിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആ ഷോട്ടുകൾ പരിശീലിക്കുന്നത് കൊണ്ടുതന്നെ മികച്ച പന്തുകൾ പോലും ലക്ഷ്യം വെയ്ക്കുവാൻ അവന് സാധിക്കുന്നു. ഈ ഫോർമാറ്റിൽ ഒരു ബാറ്റർ എന്ന നിലയിൽ പരിണമിക്കേണ്ടതുണ്ട്. ” അഫ്രീദി പറഞ്ഞു.

ഈ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതിനോടകം 28 ഇന്നിങ്സിൽ നിന്നും 44.60 ശരാശരിയിൽ 186.54 സ്ട്രൈക്ക് റേറ്റിൽ 1026 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. 924 റൺസോടെ റിസ്വാൻ പുറകിൽ ഉണ്ടെങ്കിലും പാക് ഓപ്പണറുടെ സ്ട്രൈക്ക് റേറ്റ് 122.70 മാത്രമാണ്.