Skip to content

ബൗളർമാർക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിനസ് ക്ലാസ് വേണ്ടെന്ന് വെച്ച് രോഹിതും കോഹ്ലിയും ദ്രാവിഡും, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ഫൈനൽ പ്രതീക്ഷകളോടെ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഈ ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഏറെ ആശങ്ക നൽകിയിരുന്നത് ബൗളർമാരായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.

ഇതിൽ ബൗളർമാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ദ്രാവിഡും ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ്സ് വേണ്ടെന്ന് വെച്ച വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഫ്ളൈറ്റ് യാത്രയിൽ നാല് പേർക്കാണ് ഐസിസി ബിസിനസ് ക്ലാസ്സ് ടിക്കറ്റ് അനുവദിച്ചിട്ടുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കോച്ച് രാഹുൽ ദ്രാവിഡ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വേണ്ടിയാണ് ടീം ബിസിനസ് ക്ലാസ്സ് അനുവദിച്ചത്.

എന്നാൽ വിശ്രമമില്ലാത്ത പരിശീലനത്തിലും ദീർഘ യാത്ര സമയം കണക്കിലെടുത്താൽ ബൗളർമാർക്ക് വേണ്ടത്ര വിശ്രമം ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും രാഹുൽ ദ്രാവിഡും ബിസിനസ്സ് ക്ലാസ് വേണ്ടെന്ന് വെയ്ക്കുകയും ഫ്ലൈറ്റിലെ ബിസിനസ്സ് ക്ലാസ്സ് സീറ്റുകൾ ബൗളർമാരായ അർഷ്ദീപ് സിങ്, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവർക്ക് വേണ്ടി മാറ്റിവെയ്ക്കുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.