Skip to content

ബാബർ അസമിനെയും ബാവുമയെയും മാത്രമല്ല അവനെയും വിമർശിക്കണം, ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം

മോശം പ്രകടനത്തിൻ്റെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമയെയും വിമർശിക്കുന്നതിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര.

ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 39 റൺസ് മാത്രമാണ് ബാബർ അസം നേടിയത്. ബാവുമ 70 റൺസ് നേടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഇതുവരെ 89 റൺസ് മാത്രമാണ് നേടിയത്.

” രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും റൺസ് വരുന്നില്ല. നമ്മൾ സ്വയം വിഡ്ഢികളാവരുത്. നമ്മൾ എല്ലാവരും ഇന്ത്യൻ ആരാധകരാണ്. ബാബർ അസമും ബാവുമയും റൺസ് നേടാത്തതിനെ കുറിച്ച് സംസാരിക്കുന്ന നമ്മൾ രോഹിത് ശർമ്മയും റൺസ് നേടുന്നില്ലെന്ന് പറയേണ്ടതുണ്ട്.”

” അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റി മാത്രമാണ് അവൻ നേടിയത്. അതും അത്ര മികച്ച ഫിഫ്റ്റിയായിരുന്നില്ല. ഒന്നിലധികം അവസരങ്ങൾ അവന് ലഭിച്ചു. നെതർലൻഡ്സിനെതിരെയാണ് അവൻ ഫിഫ്റ്റി നേടിയത്. പുറത്തായതാകട്ടെ ഷോർട്ട് ബോളിലും. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.