Skip to content

ഇതല്ലേ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്, നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും ഓടേണ്ടത് എങ്ങനെയെന്ന് കാണിച്ചുതന്ന് ഫിലിപ്പ്സ്, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ട് ഒഴിവാക്കാൻ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സിൻ്റെ ബ്രില്യൻസ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നുള്ള താരത്തിൻ്റെ റണ്ണിങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നോൺ സ്ട്രൈക്കർ എൻഡിൽ ഓട്ടമത്സരത്തിനായി തയ്യാറെടുക്കും പോലെ ബാറ്റ് നിലത്തുവെച്ചുകൊണ്ട് കാത്തിരുന്ന താരം ബൗളർ പന്തെറിഞ്ഞ ശേഷമാണ് ഓടിയിരുന്നത്. പുറത്തായ ശേഷം നിയമത്തെ പഴിക്കാതെ ഇക്കാര്യത്തിൽ ഗ്ലെൻ ഫിലിപ്പ്സിനെ മറ്റുള്ള ബാറ്റ്സ്മാന്മാർ കണ്ടുപഠിക്കണമെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ സ്പിരിറ്റ് ഓഫ് ക്രിക്കറ്റെന്നും ആരാധകർ താരത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി മികച്ച പ്രകടനമാണ് ഗ്ലെൻ ഫിലിപ്പ്സ് കാഴ്ച്ചവെച്ചത്. 64 പന്തിൽ 104 റൺസ് നേടിയ ഫിലിപ്പ്സിൻ്റെ മികവിലാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയത്.

പകുതിയിലധികം റൺസും ഫിലിപ്പ്‌സ് നേടിയപ്പോൾ മറ്റുള്ള ബാറ്റ്സ്മാന്മാർ 59 പന്തിൽ 53 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ വിജയം കുറിച്ചാൽ ഏറെക്കുറെ സെമിഫൈനൽ യോഗ്യത ഉറപ്പാക്കുവാൻ ന്യൂസിലൻഡിന് സാധിക്കും.