Skip to content

അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

തകർപ്പൻ ബൗളിങ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലീഷ് ബൗളർ സാം കറൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇംഗ്ലീഷ് ബൗളർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സാം കറൻ.

മത്സരത്തിൽ 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സാം കറൻ നേടിയിരുന്നു. താരത്തിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 19.4 ഓവറിൽ 112 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടി. മത്സരത്തിലെ ഈ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്ന ചരിത്രനേട്ടം സാം കറൻ സ്വന്തമാക്കി.

ഇതിന് മുൻപ് മറ്റൊരു ഇംഗ്ലണ്ട് ബൗളർക്കും അന്താരാഷ്ട്ര ടി20 യിൽ അഞ്ച് വിക്കറ്ററ് നേടുവാൻ സാധിച്ചിരുന്നില്ല.

സാം കറനൊപ്പം നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ബെൻ സ്റ്റോക്സും 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മാർക്ക് വുഡും ഇംഗ്ലണ്ടിനായി മികവ് പുലർത്തി. അഫ്ഗാൻ നിരയിൽ ആർക്കും തന്നെ തിളങ്ങാൻ സാധിച്ചില്ല. 32 റൺസ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാൻ നിരയിലെ ടോപ്പ് സ്കോറർ.