Skip to content

മില്ലറിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം പാളി, പിന്നാലെ ബൗണ്ടറി നൽകിയ അമ്പയറോട് കയർത്ത് സിറാജ്, വീഡിയോ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികച്ച പ്രകടനത്തിലും താരത്തിൻ്റെ പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്.

മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ 48 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. സിറാജ് എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ബാറ്റിൽ കൊള്ളിക്കാൻ കേശവ് മഹാരാജിന് സാധിച്ചില്ല. തൻ്റെ കയ്യിൽ കിട്ടിയ പന്ത് സഞ്ജു സാംസൺ ഉടനെ തന്നെ സിറാജിന് എറിഞ്ഞുകൊടുത്തു. അതിനിടയിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലർ ക്രീസിന് വെളിയിൽ നിൽക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ സിറാജ് സ്റ്റാമ്പിനെ ലക്ഷ്യമാക്കി പന്ത് ത്രോ ചെയ്തെങ്കിലും നിർഭാഗ്യവശാൽ സ്‌റ്റംപിൽ കൊള്ളിക്കാൻ സാധിച്ചില്ല.

ആരും ബാക്കപ്പ് ചെയ്യാത്തതിനാൽ തന്നെ സിറാജിൻ്റെ ത്രോ ബൗണ്ടറിയാവുകയും അമ്പയർ നാല് റൺസ് സൗത്താഫ്രിക്കയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ തീരുമാനത്തിൽ ക്ഷുഭിതനായ സിറാജ് പിന്നാലെ അമ്പയറോട് കയർത്തു. മില്ലറിനെ റണ്ണൗട്ടാക്കാൻ ശ്രമിച്ചില്ലെന്നും ഡെലിവറി പൂർത്തിയായതിനാൽ ഡെഡ് ആയികണക്കാക്കണമെന്നായിരുന്നു താരത്തിൻ്റെ വാദം. എന്നാൽ പന്ത് സ്റ്റമ്പിൽ കൊണ്ടിരുന്നുവെങ്കിൽ സിറാജ് വിക്കറ്റിനായി അപ്പീൽ ചെയ്യുമായിരുന്നുവെന്നാണ് ക്രിക്കറ്റ് ആരാധകർ ചൂണ്ടികാട്ടുന്നത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. 74 റൺസ് നേടിയ ഹെൻഡ്രിക്സ്, 79 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.