Skip to content

മത്സരത്തിനിടെ കൊമ്പുകോർത്ത് യൂസഫ് പത്താനും മിച്ചൽ ജോൺസണും, ഇടപെട്ട് ഇർഫാൻ പത്താൻ, വീഡിയോ കാണാം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ക്വാളിഫയർ പോരാട്ടത്തിനിടെ കളിക്കളത്തിൽ ചൂടേറിയ വാക്കുതർക്കത്തിൽ ഏർപ്പെട്ട് മുൻ ഇന്ത്യൻ താരം യൂസഫ് പത്താനും മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസണും. ഭിൽവാര കിങ്സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

ഭിൽവാര കിങ്സ് ഇന്നിങ്സിലെ 19 ആം ഓവറിലെ നാലാം പന്തിൽ മിച്ചൽ ജോൺസൺ യൂസഫ് പത്താനെ പുറത്താക്കിയതിന് പുറകെയാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഓവറിലെ ആദ്യ മൂന്ന് പന്തിൽ രണ്ട് സിക്സും ഒരു ഫോറും യൂസഫ് പത്താൻ നേടിയിരുന്നു. പുറത്തായതിന് പുറകെ യൂസഫിനെതിരെ ജോൺസൻ ചില വാക്കുകൾ പിറുപിറുക്കകയും അതിൽ പ്രകോപിതനായ യൂസഫ് പത്താൻ മറുപടി നൽകാനായി ജോൺസണ് നേരെ പാഞ്ഞടുക്കുകയും ചെയ്തു.

എന്നാൽ ജോൺസൻ പിന്മാറാതെ വന്നതോടെ അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടുകൊണ്ട് താരങ്ങളെ പിന്മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ക്രിസിൽ നിന്നിരുന്ന ഇർഫാൻ പത്താനും സംഭവത്തിൽ ഇടപെടുകയും അമ്പയർമാർ വീണ്ടും ഇടപെട്ട് ഇരുവരെയും പിന്മാറ്റി.

വീഡിയോ ;

മത്സരത്തിലേക്ക് വരുമ്പോൾ ഭിൽവാര കിങ്സിനെ പരാജയപെടുത്തി ഇന്ത്യ ക്യാപിറ്റൽസ് ഫൈനലിലേക്ക് കടന്നു. മത്സരത്തിൽ 65 റൺസ് നേടിയ ഷെയ്ൻ വാട്സൺ, 48 റൺസ് നേടിയ യൂസഫ് പത്താൻ, 59 റൺസ് നേടിയ വില്യം പോർട്ടർഫീൽഡ് എന്നിവരുടെ മികവിൽ ഭിൽവാര കിംഗ്സ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ മറികടന്നാണ് ഗംഭീർ നയിക്കുന്ന ക്യാപിറ്റൽസ് വിജയം നേടിയത്.

39 പന്തിൽ 84 റൺസ് നേടിയ റോസ് ടെയ്‌ലറും, 28 പന്തിൽ 60 റൺസ് നേടിയ ആഷ്ലേ നേഴ്സുമാണ് ക്യാപിറ്റൽസിന് വേണ്ടി തിളങ്ങിയത്. ക്വാളിഫയറിൽ പരാജയപെട്ട ഇർഫാൻ പത്താൻ്റെ ഭിൽവാര കിങ്സ് ഇന്ന് വീരേന്ദർ സെവാഗിൻ്റെ ഗുജറാത്ത് ജയൻ്റ്സിനെ എലിമിനേറ്ററിൽ നേരിടും.