Skip to content

റാഷിദ് ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും 

കാറ്റിൽ തോക്കുകളുടെ സീൽക്കാരമലയടിക്കുന്ന നാട്ടിൽ, ജലതുള്ളികൾക്ക്‌ പകരം കരിമരുന്നടങ്ങിയ  പടക്കോപ്പുകൾ പെയ്തിറങ്ങുന്ന മണ്ണിൽ, 

Written by – കൃപാൽ ഭാസ്‌കർ 

അതിജീവനം തന്നെ അസാധ്യമാവുമ്പോഴും ഒരു ജനത അഭയാർത്ഥി ക്യാമ്പുകളിലെ ടെലിവിഷനുകൾക്കു മുന്നിൽ തമ്പടിച്ചു, പച്ച പുൽ പരവതാനിക്കു നടുക്ക്‌ 22 വാരയിൽ അവർ സ്വപ്നങ്ങൾ കണ്ടു, പച്ച കുപ്പായക്കാർ ജയിക്കുമ്പോളവർ പൊട്ടി ചിരിച്ചു ആർത്തുല്ലസിച്ചു, തോൽക്കുമ്പോളവർ കരഞ്ഞു ഹൃദയം പൊട്ടി കരഞ്ഞു, 

എന്നാൽ അപൂർവ്വം ചിലർ നീലക്കുപ്പായക്കാർക്കു പുറകേയായിരുന്നു , ഒരു 5 അടി 5 ഇഞ്ചുകാരൻ അവർക്കും ദൈവമായി, പ്രായ ഭേദമന്യ അവർ വഴിയിൽ കണ്ട കമ്പുകൾ പോലും കയ്യിലെടുത്തു, തനിക്കു നേരെ വരുന്ന ഉരുളൻ കല്ലിനെ അടിച്ചകറ്റി ആർത്തു വിളിച്ചു “സിക്സർ”.. 

വെസ്റ്റിന്തീസിൽ തെരുവുകളിൽ ബാല്യങ്ങൾ ടെന്നീസ്‌ പന്തുകളെ പരമാവധി ദൂരേക്ക്‌ അടിച്ചകറ്റി നിറയുന്ന വയർ സ്വപ്നം കാണാറുണ്ടത്രേ, അഫ്ഗാൻ മണ്ണിൽ ഉരുളൽ കല്ലുകളെ അടിച്ചകറ്റിയവർ സമാധാനം സ്വപ്നം കാണുന്നു, വെടിയൊച്ച കേൾക്കാത്തൊരു അന്തിയുറക്കം സ്വപ്നം കാണുന്നു… 

അഫ്ഗാൻ പട്ടണമായ നങ്ങർഹാറിന്റെ തെരുവിൽ ടെന്നീസ്‌ ബോളിനെ കൈക്കുഴ കൊണ്ട്‌ കറക്കി എറിഞ്ഞ്‌ അടിച്ചകറ്റാൻ നിന്നവനെ കബളിപ്പിച്ച്‌ കരി കൊണ്ട്‌ ചുമരിൽ വരച്ച സ്റ്റംമ്പുകളിലൊന്നിൽ ആ പച്ച പന്ത്‌ കറങ്ങി ഇടിക്കുമ്പോൾ ചിരിച്ചു കൊണ്ട്‌ ഓടി മനസ്സു കൊണ്ട്‌ ഷാഹിദ്‌ അഫ്രീദിയായി രണ്ട്‌ കയ്യും മുകളിലേക്കുയർത്തി ലോകം ജയിച്ചവനെ പോലെ നിൽക്കുമായിരുന്നൊരു ബാലൻ, അവനന്നൊരിക്കലും സ്വപനത്തിൽ പോലും കരുതിയിരിക്കില്ല ഇന്നേറ്റവും വിലപിടിപ്പുള്ള ഒരു ലെഗ്സ്പിന്നറായി ലോകം കറങ്ങുമെന്ന്. 

റാഷിദ്‌ ഖാൻ ക്രിക്കറ്റ്‌ കളിച്ചു തുടങ്ങുന്നത്‌ ഏതൊരു അഫ്ഗാൻ ബാലനേയും പോലെ തന്നെ ഷാഹിദ്‌ അഫ്രീദിയെ കണ്ട്‌ കൊണ്ടാണു, അവനെന്നും അയാളെ അനുകരിച്ചിരുന്നു, അതിന്നും അവനിൽ കാണാം.

അഫഗാനു വേണ്ടി 2 വർഷങ്ങൾക്കു മുൻപ്‌ റാഷിദ്‌ ഖാൻ കളത്തിലിറങ്ങുമ്പോൾ മണ്ണിൽ നിന്നു പതിയെ ഉയർന്നു തുടങ്ങിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ എന്ന ചെറു ചെടിയിൽ നാമ്പിട്ട ചെറു മുകുളങ്ങളിലൊന്നു മാത്രമായിരുന്നു. ക്രിക്കറ്റ്‌ എന്ന പുതു രണഭൂമിയിൽ ആ കൗമാരക്കാരനും പൊരുതി തുടങ്ങി. തുടക്കകാരന്റെ പതർച്ചയില്ലാതെ തന്റെ പ്രായത്തിനെ വെല്ലുന്ന പ്രകടനങ്ങൾ തുടർന്ന റാഷിദ്‌ ഖാനെ ക്രിക്കറ്റ്‌ ലോകം ശ്രദ്ധിച്ചു തുടങ്ങി, ഒടുവിൽ അയർലണ്ടിനെതിരെ ഒരു ടി ട്വിന്റി മൽസരത്തിൽ വെറും 3 റൺസ്‌ വഴങ്ങി 5 വിക്കറ്റ്‌ നേടിയതോടെ ലോകത്തെ ഏതൊരു ടി ട്വിന്റി മാർക്കറ്റിലും പൊന്നും വിലക്ക്‌ വിറ്റു പോവുന്ന പ്ലേയറായി മാറി റാഷിദ്‌ ഖാൻ. 

ആ പ്രകടനത്തിന്റെ പ്രതിഫലനമെന്നോണം 4 കോടി എന്ന കൂറ്റൻ തുകക്ക്‌ റാഷിദ്‌ ഖാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ്‌ ഹൈദ്രാബാദ്‌ റാഞ്ചി, അങ്ങനെ ഐ പി എൽ കളിക്കുന്ന ആദ്യ അഫ്ഗാൻ കളിക്കാരനുമായി മാറി റാഷിദ്‌ ഖാൻ. തന്റെ കഴിവ്‌ ലോകത്തെ അറിയിക്കാൻ ലഭിച്ച ഏറ്റവും മികച്ച വേദിയിൽ കോടി കണക്കിനു കണ്ണുകൾക്കു മുന്നിൽ അവൻ താൻ വായിക്കുന്ന ട്യൂണുകൾക്കനുസരിച്ച്‌ ബാറ്റ്സ്മാനെ നൃത്തം ചെയ്യിപ്പിച്ചു. ബാറ്റ്സ്മാന്മാരുടെ പറുദീസയിൽ അസാധാരണമായ കണക്കുകളുമായാണു റാഷിദ്‌ ടൂർണ്ണമെന്റവസാനിപ്പിച്ചത്‌. 14 കളികളിൽ നിന്നായി 6.62 എക്കോണമിയിൽ 17 വിക്കറ്റുകൾ, തന്മൂലം ഈ സീസണിൽ റാഷിദ്‌ ഖാന്റെ വില ഇരട്ടിയലധികമായുയർന്നു, 9 കോടി രൂപക്കാണു സൺ റൈസേഴ്സിനായി ഈ കൊല്ലം റാഷിദ്‌ കളത്തിലിറങ്ങുക. ഇന്ന് ലോകത്തെ ഏകദേശം എല്ലാ പ്രമുഖ ടി ട്വിന്റി ടൂർണ്ണമെന്റുകളിലും റാഷിദ്‌ ഖാൻ കളിക്കുന്നുണ്ട്‌, വലിയൊരു ആരാധക വൃന്ദം ഈ 20 തികയാത്ത പയ്യനു വേണ്ടി കയ്കളടിച്ചു ആർപ്പ്‌ വിളിച്ചു തുടങ്ങിയിരിക്കുന്നു ലോകമെങ്ങും. 

ഇന്ന് ലോകത്തെ ഏതൊരു ബാറ്റ്സ്മാനും ഭയക്കുന്ന ലെഗ്‌ സ്പിന്നറാണു റാഷിദ്‌ ഖാൻ, ഇന്നുള്ളവരിൽ ഏറ്റവും മികച്ചവരിലൊരാൾ, റാഷിദ്‌ ഖാനു വ്യത്യസ്ത ഗ്രിപ്പുകളിൽ വൈവിധ്യമാർന്ന പന്തുകളെറിയാനുള്ള ശേഷിയുണ്ട്‌, അതു കൊണ്ട്‌ തന്നെ അയാളെ കളിക്കുക അസാധ്യമാവുന്നു പലപ്പോഴും. അപ്രവചനീയമാം വിധം അയാളെറിയുന്ന ഗൂഗ്ലികൾക്ക്‌ പലപ്പോഴും മറുപടി നൽകാനാവാതെ പതറുന്നത്‌ ബാറ്റ്സ്മാന്മാർ പതിവാക്കിയിരിക്കുന്നു. പന്തെറിയുമ്പോൾ പലപ്പോഴും അരാധനാമൂർത്തിയായ ഷാഹിദ്‌ അഫ്രീദിയെ അനുസ്മരിപ്പിക്കുന്നു റാഷിദ്‌ ഖാൻ, ഒരിക്കലും ഷെയൺ വോണിനെ പോലെ വായുവിലൂടെയുള്ള ഫ്ലൈറ്റിനെയൊ ലൂപ്പിനെയൊ ആശ്രയിച്ചുള്ള രീതിയല്ല റാഷിദിന്റേത്‌, അനിൽ കുംബ്ലേയൊ അഫ്രീദിയൊ പോലെ വേഗത്തിലുള്ള പന്തുകളാണയാളുടെ ആയുധം. പ്രായത്തെ വെല്ലുന്നതാണു റാഷിദിന്റെ പ്രകടങ്ങളും ശരീര പ്രകൃതവും. എന്നാൽ വിക്കറ്റു നേടിയ ശേഷം ആഹ്ലാദം നിറഞ്ഞ മുഖത്ത്‌ തെളിയുന്ന ആകാംഷ നിറഞ്ഞു കണ്ണുകളിലൊരു കൗമാരക്കാരനുണ്ട്‌ തീർച്ച. 

 ഇന്നിതാ ലോകത്തിന്റെ നെറുകയിലാണു റാഷിദ്‌,ഐ സി സി യുടെ ടി ട്വിന്റി റാങ്കിംഗിൽ ഒന്നാം നംമ്പർ ബോളറായിരിക്കുന്നു റാഷിദ്‌. ഏകദിനത്തിൽ ജസ്പ്രീത്‌ ബുമ്രക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. അടുത്ത്‌ തന്നെ അഫ്ഗാനു മുന്നിൽ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ വാതിലുകളും തുറക്കപ്പെടും, വെള്ള കുപ്പായത്തിലും ഈ 19 കാരൻ ഇന്ദ്രജാലം തീർക്കുമെന്നതിൽ ആർക്കു തർക്കം. വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ അഫ്ഗാൻ ക്രിക്കറ്റിന്റെ  മുഖമായി മാറിയിരിക്കുന്നു റാഷിദ്‌ ഖാൻ, അഫ്ഗാൻ ജനതയുടെ ചുമലുകളിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റ്‌ കളിക്കാരുടെ പേരുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു, പകരം ഏറെ തിളക്കത്തിൽ “റാഷിദ്‌ ഖാൻ” എന്ന പേരു തെളിഞ്ഞു വരുന്നു. അഫ്ഗാൻ ബാല്യങ്ങളുടെ മനസ്സിൽ പുതിയൊരു വിഗ്രഹം ഉയർന്നിരിക്കുന്നു, അവർ തെരുവുകളിൽ ക്രിക്കറ്റ്‌ കളിക്കുന്നു റാഷിദ്‌ ഖാനാവുന്നതും സ്വപ്നം കണ്ട്‌. റാഷിദ്‌ ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ, അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും, ഒപ്പം ഒരു ജനതയുടെ സ്വപ്നങ്ങളും. 

-കൃപൽ ഭാസ്ക്കർ