Skip to content

എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ഇംഗ്ലണ്ട് താരം ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങിലൂടെ പുറത്താക്കിയ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും അതിനെ പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ നടക്കുന്ന വനിത ഏഷ്യ കപ്പിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ആ ഡിസ്മിസ്സലിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ തുറന്നുപറഞ്ഞത്.

ഏകദിന മൂന്നാം മത്സരത്തിലായിരുന്നു നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ചാർലി ഡീനിനെ ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത്. ഇതിന് പിന്നാലെ താരത്തിനെതിരെ ഇംഗ്ലണ്ട് താരങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോൾ തൻ്റെ സഹതാരത്തിന് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

” ഇതിന് മുൻപ് നടന്ന മത്സരങ്ങളിലും ഞങ്ങൾ അത് ശ്രദ്ധിച്ചിരുന്നു. അവൾ ( ചാർലി ഡീൻ ) പലപ്പോഴായി ക്രീസ് വിട്ടിറങ്ങിറങ്ങിയിരുന്നു. ദീപ്തിയുടെ അവബോധമാണ് പുറത്താകലിലേക്ക് നയിച്ചത്. ”

” അത് ഞങ്ങളുടെ പ്ലാനിൻ്റെ ഭാഗമൊന്നും ആയിരുന്നില്ല. പക്ഷേ ഞങ്ങൾ അവിടെ കളിക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. കളിക്കളത്തിൽ ആയിരിക്കുമ്പോൾ എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപെട്ട കാര്യം നിയമങ്ങൾക്കനുസൃതമായി കളിക്കുകയെന്നതാണ്. നിയമമുസരിച്ച് തന്നെയാണ് ഞങ്ങൾ ചെയ്തത്. പക്ഷേ അത് ഞങ്ങളുടെ പദ്ധതിയുടെ ഭാഗമല്ലായിരുന്നു. പക്ഷേ അത് സംഭവിച്ചു. ഇനി മുൻപോട്ട് പോകേണ്ടതുണ്ട്. ” ഹർമൻപ്രീത് കൗർ പറഞ്ഞു.