Skip to content

വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലും ഇന്ത്യയ്ക്ക് ആശങ്കയായി ബൗളിങ് നിരയുടെ മോശം ഫോം. ഏഷ്യ കപ്പ് നഷ്ടപെട്ട ശേഷം പരിക്കിൽ നിന്നും മുക്തനായി പരമ്പരയിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേലും മോശം പ്രകടനമാണ് പരമ്പരയിൽ കാഴ്ച്ചവെച്ചത്. ഇതിന് പുറകെ അന്താരാഷ്ട്ര ടി20 യിലെ ഒരു മോശം റെക്കോർഡ് ഇന്ത്യൻ പേസറുടെ പേരിലായി.

ഈ വർഷം അന്താരാഷ്ട്ര ടി20 യിൽ 18 മത്സരങ്ങൾ കളിച്ച താരം 33 സിക്സ് വഴങ്ങികൂട്ടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോർഡ് ഹർഷൽ പട്ടേലിൻ്റെ പേരിലായി.

കഴിഞ്ഞ വർഷം 32 സിക്സ് വഴങ്ങിയ ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാംപയുടെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 2018 ൽ 27 സിക്സ് വഴങ്ങിയ ഓസ്ട്രേലിയൻ പേസർ ആൻഡ്രൂ ടൈയാണ് ഈ മോശം റെക്കോർഡിൽ മൂന്നാമതുള്ളത്. ഈ വർഷം ഇനി ഐസിസി ടി20 ലോകകപ്പും മറ്റു ടി20 പരമ്പരകളും നടക്കാനിരിക്കെയാണ് ഇതിനോടകം ഇത്രയും സിക്സ് ഹർഷ ൽ വഴങ്ങിയിരിക്കുന്നത്.

ടീമിലെ സീനിയർ പേസർ കൂടിയായ ഭുവനേശ്വർ കുമാറിൻ്റെ കാര്യവും വ്യത്യസ്തമല്ല. ഒരു മത്സരം നഷ്ടപെട്ടിട്ടും ഈ പരമ്പരയിൽ 7 ഓവറിൽ 91 റൺസാണ് ഭുവനേശ്വർ കുമാർ വിട്ടുകൊടുത്തത്. ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രധാന ബൗളർമാർ കൂടിയാണ് ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും. സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളിങ് നിര ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.