Skip to content

ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. വെറും 29 പന്തുകളിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ 36 പന്തിൽ 69 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

മത്സരത്തിൽ 5 ഫോറും 5 സിക്സും ഓസ്ട്രേലിയൻ ബൗളർമാർക്കെതിരെ സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 50 സിക്‌സ് സൂര്യ പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ 50 സിക്സ് പറത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് സൂര്യകുമാർ യാദവ്. വെറും 29 ഇന്നിങ്സ് മാത്രമാണ് ഈ നാഴികക്കല്ല് മറികടക്കാൻ സൂര്യകുമാർ യാദവിന് വേണ്ടിവന്നത്.

31 ഇന്നിങ്സിൽ നിന്നും 50 സിക്സ് നേടിയ മുൻ താരം യുവരാജ് സിങിനെയും കെ എൽ രാഹുലിനെയുമാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്.

നിലവിൽ ഐസിസി ടി20 റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് സൂര്യകുമാർ യാദവ്. മൊഹമ്മദ് റിസ്വാൻ, ഐയ്ഡൻ മാർക്രം എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവുള്ളത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതുവരെ 29 ഇന്നിങ്സിൽ നിന്നും 37.04 ശരാശരിയിൽ 174.72 സ്ട്രൈക്ക് റേറ്റിൽ 926 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.