Skip to content

ഇനി നുണകഥകൾ പറയേണ്ട, ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഇംഗ്ലണ്ട് താരം ചാർലീ ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുന്നതിന് മുൻപ് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെന്ന ദീപ്തി ശർമ്മയ്ക്ക് പ്രസ്താവനയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ളണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഇന്ത്യൻ ടീമിനെതിരെ വിമർശനം ഉന്നയിച്ചത്.

പരിക്ക് മൂലം കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കെതിരായ പരമ്പരയിലും ഹെതർ നൈറ്റ് കളിച്ചിരുന്നില്ല. ചാർലി ഡീനിനെ ഇന്ത്യയെ നിയപരമായാണ് പുറത്താക്കിയതെന്നും അതിൽ കുറ്റം ഒന്നും തന്നെയില്ലെന്നും പറഞ്ഞ ഇംഗ്ലണ്ട് ക്യാപ്റ്റൻ മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന ദീപ്തി ശർമ്മയുടെ വാദം വെറും നുണകഥയാണെന്നും പറഞ്ഞു.

” മത്സരം അവസാനിച്ചു. ചാർലിയെ നിയപരമായി തന്നെയാണ് ഇന്ത്യ പുറത്താക്കിയത്. മത്സരത്തിലും ഒപ്പം പരമ്പരയിലും ഇന്ത്യ വിജയം അർഹിച്ചിരുന്നു. എന്നാൽ അവർ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. അവ നൽകേണ്ടതുമില്ല. “

” പക്ഷേ ഈ റണ്ണൗട്ടാക്കാനുള്ള തീരുമാനത്തിൽ ഇന്ത്യ സംതൃപ്തരാണെങ്കിൽ ഇങ്ങനെ മുന്നറിയിപ്പുകളെ കുറിച്ച് നുണകഥകൾ പറഞ്ഞുകൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ല. ” ഹെതർ നൈറ്റ് പറഞ്ഞു.

ക്രീസിൽ നിന്നും പല തവണ പുറത്തുപോയതിനെ തുടർന്ന് ചാർലി ഡീനിന് തങ്ങൾ ഒരുപാട് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും അത് അവഗണിച്ചത് കൊണ്ടാണ് ഇത്തരത്തിൽ പുറത്താക്കിയതെന്നുമാണ് പര്യടനത്തിന് ശേഷം ഇന്ത്യയിലെത്തിയ ദീപ്തി ശർമ്മ പത്രപ്രവർത്തകരോട് പ്രതികരിച്ചത്.