Skip to content

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ മാത്രം, രാഹുൽ ദ്രാവിഡിനെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 48 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 63 റൺസ് കോഹ്ലി നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയിരിക്കുകയാണ് കിങ് കോഹ്ലി.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി കോഹ്ലി മാറി. മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 525 ഇന്നിങ്സിൽ നിന്നും 24,078 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

599 ഇന്നിങ്സിൽ നിന്നും ഇന്ത്യയ്ക്കായി 24,064 റൺസ് നേടിയ സാക്ഷാൽ രാഹുൽ ദ്രാവിഡിനെയാണ് കിങ് കോഹ്ലി പിന്നിലാക്കിയത്. 782 ഇന്നിങ്സിൽ നിന്നും 34,357 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ഇനി കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്ലി ഇപ്പോഴും രാഹുൽ ദ്രാവിഡിന് പിന്നിലാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി നേടിയ 24064 റൺസിന് പുറമെ ഐസിസി ഇലവനും ഏഷ്യ ഇലവനും വേണ്ടി കളിച്ചിട്ടുള്ള ദ്രാവിഡ് ഈ മത്സരങ്ങളിൽ നിന്നും 144 റൺസ് കൂടെ നേടിയിട്ടുണ്ട്.