Skip to content

അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

വീണ്ടും ക്യാപ്റ്റൻസി മികവിലൂടെ പ്രശംസ ഏറ്റുവാങ്ങി സഞ്ജു സാംസൺ. ഇന്ത്യ എ യും ന്യൂസിലൻഡ് എ യും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് ഹാട്രിക്ക് നേടിയതിന് പുറകെയാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി വീണ്ടും പ്രശംസ ഏറ്റുവാങ്ങുന്നത്. കുൽദീപിനെ വെച്ച് മറ്റൊരു ക്യാപ്റ്റനും മുതിരാത്ത പരീക്ഷണം സഞ്ജു നടപ്പിലാക്കിയതോടെയാണ് താരം ഹാട്രിക്ക് നേടിയത്.

മത്സരത്തിൽ 47 ആം ഓവറിലെ അവസാന മൂന്ന് പന്തുകളിലാണ് കുൽദീപ് യാദവ് ഹാട്രിക്ക് നേടിയത്. ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴോ ഐ പി എല്ലിലോ മറ്റു ക്യാപ്റ്റന്മാർ കുൽദീപിനെ ഡെത്ത് ഓവറുകളിൽ പരീക്ഷിക്കാറില്ല. എന്നാൽ ഐ പി എല്ലിൽ യുസ്വെന്ദ്ര ചഹാലിന് ഡെത്ത് ഓവറുകൾ നൽകി വിജയം നേടിയിട്ടുള്ള സഞ്ജു കുൽദീപിനെയും ഡെത്ത് ഓവറിൽ പരീക്ഷിക്കുകയും ഹാട്രിക്ക് നേടികൊണ്ട് കുൽദീപ് ക്യാപ്റ്റൻ്റെ തീരുമാനം ശരിയെന്ന് തെളിയിക്കുകയും ചെയ്തു.

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ യുസ്വെന്ദ്ര ചഹാൽ ഹാട്രിക്ക് നേടിയിരുന്നു. അന്നും ഇതുപോലെ ഡെത്ത് ഓവറിലാണ് ചഹാൽ ഹാട്രിക്ക് നേടിയത്.

ന്യൂസിലൻഡ് എ യ്ക്കെതിരായ ഹാട്രിക്ക് നിലവിൽ മോശം സമയത്തിലൂടെ കടന്നുപോകുന്ന കുൽദീപ് യാദവ് കൂടുതൽ ആത്മവിശ്വാസമേകുമെന്ന കാര്യത്തിൽ സംശയമില്ല.