Skip to content

ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി കുൽദീപ് യാദവ്. മത്സരത്തിൽ 47 ആം ഓവറിലാണ് കുൽദീപ് യാദവ് ഹാട്രിക് നേടിയത്.

47 ആം ഓവറിലെ നാലാം പന്തിൽ ലോഗൻ വാൻ ബ്രീക്, അഞ്ചാം പന്തിൽ ജോൺ വോൾക്കർ, ആറാം പന്തിൽ ജേക്കബ് ഡഫി എന്നിവരെ പുറത്താക്കിയാണ് കുൽദീപ് യാദവ് തൻ്റെ ഹാട്രിക് പൂർത്തിയാക്കിയത്. മത്സരത്തിൽ പത്തോവറിൽ 51 റൺസ് വഴങ്ങി നാല് വിക്കറ്റ് താരം വീഴ്ത്തി. ഡെത്ത് ഓവറിൽ കുൽദീപിനെ പരീക്ഷിച്ച സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവ് ഇവിടെ എടുത്ത് പറയേണ്ടതാണ്. ഐ പി എല്ലിൽ ഇതേ രീതിയിൽ യുസ്വെന്ദ്ര ചഹാലിന് സഞ്ജു ഡെത്ത് ഓവറുകളിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ 47 ഓവറിൽ 219 റൺസിന് ന്യൂസിലൻഡ് എ ഓൾ ഔട്ടായി. കുൽദീപ് യാദവിനൊപ്പം രാഹുൽ ചഹാർ, ഋഷി ധവാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഉമ്രാൻ മാലിക്ക് ഒരു വിക്കറ്റും നേടി.

80 പന്തിൽ 72 റൺസ് നേടിയ ജോ കാർട്ടറും 65 പന്തിൽ 51 റൺസ് നേടിയ രചിൻ രവീന്ദ്രയും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവും കൂട്ടരും 7 വിക്കറ്റ് വീഴ്ത്തിയിരുന്നു.