Skip to content

അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം. സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലെ അഞ്ചാം ദിനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരം യശസ്വി ജയ്സ്വാൾ കൊമ്പുകോർത്തതാണ് അസാധാരണ സംഭവങ്ങളിലേക്ക് നയിച്ചത്.

അഞ്ചാം ദിനത്തിൽ ബാറ്റിങിനിറങ്ങിയ രവി തേജയെ ജയ്സ്വാൾ നിരന്തരം സ്ലെഡ്ജ് ചെയ്യുകയും തുടർന്ന് അമ്പയർമാർ താരത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വെസ്റ്റ് സോൺ ക്യാപ്റ്റൻ തക്കസമയത്ത് ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പിന്നീട് വീണ്ടും താരം ഇത് ആവർത്തിച്ചതിനെ തുടർന്ന് ഗ്രൗണ്ടിൽ നിന്നും മടങ്ങിപോകുവാൻ രഹാനെ യുവതാരത്തോട് ആവശ്യപെടുകയും ചെയ്തു. പിന്നീട് രവി തേജ പുറത്തായ ശേഷമാണ് താരം കളിക്കളത്തിൽ മടങ്ങി എത്തിയത്.

മത്സരത്തിൽ 294 റൺസിന് വിജയിച്ച വെസ്റ്റ് സോൺ ദുലീപ് ട്രോഫി ചാമ്പ്യന്മാരായി. വെസ്റ്റ് സോൺ ഉയർത്തിയ 529 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന സൗത്ത് സോൺ 234 റൺസിന് ഓൾ ഔട്ടായി.

മത്സരത്തിൽ മികച്ച പ്രകടനമാണ് യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. രണ്ടാം ഇന്നിങ്സിൽ 323 പന്തിൽ 265 റൺസ് നേടിയ താരത്തിൻ്റെ മികവിലാണ് 585 റൺസ് നേടി ഡിക്ലയർ ചെയ്ത വെസ്റ്റ് സോൺ കൂറ്റൻ വിജയലക്ഷ്യം സൗത്ത് സോണിന് മുൻപിൽ ഉയർത്തിയത്.