Skip to content

ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ് പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ഐസിസി നിയമത്തിനെതിരല്ലെങ്കിൽ കൂടിയും ഇതിനുപുറകെ ഇന്ത്യൻ ടീമിനെ കമൻ്റേറ്റർമാർ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ അതിനൊപ്പം ഇന്ത്യൻ ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്റ്റുവർട്ട് ബ്രോഡ്.

നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന ഈ നിയമത്തിൽ ഇതിന് മുൻപും ബ്രോഡ് വിമർശനം ഉന്നയിച്ചിരുന്നു. മോശം വഴിയിലൂടെ മത്സരം ഫിനിഷ് ചെയ്തുവെന്നാണ് ഇന്ത്യൻ വിജയത്തിനെ കുറിച്ച് ബ്രോഡ് ട്വിറ്ററിൽ കുറിച്ചത്.

മങ്കാദിനെ കുറിച്ചുള്ള സംവാദം രസകരമായി തോന്നുന്നുവെന്നും ഇരു ഭാഗത്തു നിന്നുള്ള അഭിപ്രായങ്ങൾ രസകരമാണെന്നും വ്യക്തിപരമായി ഇത്തരത്തിൽ ഒരു മത്സരം വിജയിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റുള്ളവർക്ക് അതിൽ വ്യത്യസ്ത അഭിപ്രായമുള്ളതിനെ താൻ എതിർക്കുന്നില്ലെന്നും ബ്രോഡ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയ ഇംഗ്ലണ്ട് ആരാധകർക്ക് 2019 ലോകകപ്പിലെ ഇംഗ്ലണ്ട് വിജയത്തെ കുറിച്ച് ചോദിച്ചുകൊണ്ടാണ് ഇന്ത്യൻ ആരാധകർ മറുപടി നൽകികൊണ്ടിരിക്കുന്നത്. അന്ന് മത്സരത്തിലും സൂപ്പർ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമായ ഇംഗ്ലണ്ട് ചാമ്പ്യന്മാരാവുകയായിരുന്നു.