Skip to content

നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

ഇതിഹാസ താരം ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ടീം ഇന്ത്യ. സീനിയർ താരത്തിൻ്റെ അവസാന മത്സരത്തിൽ റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഹർമൻപ്രീത് കൗറും കൂട്ടരും തൂത്തുവാരുകയും ചെയ്തു.

മത്സരത്തിൽ 170 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിനെ റൺസിന് 43.3 ഓവറിൽ 153 റൺസിൽ ഓൾ ഔട്ടാക്കിയാണ് ഇന്ത്യൻ വനിതകൾ വിജയം കുറിച്ചത്.

ഐ പി എല്ലിൽ അശ്വിൻ ബട്ട്ലറെ പുറത്താക്കിയ രീതിയിൽ ഇംഗ്ളണ്ട് ബാറ്റർ ചാർലോട്ട് ഡീനെ പുറത്താക്കിയാണ് ഇന്ത്യ വിജയം നേടിയത്. 80 പന്തിൽ 47 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന താരം നോൺ സ്ട്രൈക്കർ എൻഡിൽ പന്തെറിയും മുൻപേ ക്രിസ് വിട്ടിറങ്ങുകയും ഇത് ശ്രദ്ധയിൽ പെട്ട ബൗളർ ദീപ്തി ശർമ്മ താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.

10 ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിങാണ് ഇംഗ്ലണ്ടിനെ തകർത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനിറങ്ങിയ ജുലൻ ഗോസ്വാമി പത്തോവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 45.4 ഓവറിൽ 169 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 79 പന്തിൽ 50 റൺസ് നേടിയ സ്മൃതി മന്ദാനയും 106 പന്തിൽ 68 റൺസ് നേടിയ ദീപ്തി ശർമ്മയുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികവ് പുറത്തെടുത്തത്.

ഇംഗ്ലണ്ടിന് വേണ്ടി കേറ്റ് ക്രോസ് പത്തോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും ഫ്രെയ കോംബ്, എക്ക്ലെസ്റ്റോൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. വിജയത്തോടെ ഇന്ത്യ പരമ്പര 3-0 ന് തൂത്തുവാരി. ആദ്യ മത്സരത്തിൽ സ്മൃതി മന്ദാനയുടെ മികവിൽ 7 വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ സെഞ്ചുറി മികവിലാണ് വിജയം കുറിച്ചത്.