Skip to content

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട് ഇന്ത്യ പ്രഥമ ടി20 ചാമ്പ്യന്മാരായത്. ഇന്ത്യ 5 റൺസിന് വിജയിച്ച മത്സരത്തിൽ ജോഗിന്ദർ ശർമ്മയായിരുന്നു ഇന്ത്യയ്ക്കായി അവസാന ഓവർ എറിഞ്ഞത്.

അവസാന ഓവറിൽ 12 റൺസ് വേണമെന്നിരിക്കെ രണ്ടാം പന്തിൽ സിക്സ് പറത്തിയ മിസ്ബയെ മൂന്നാം പന്തിൽ പുറത്താക്കികൊണ്ടാണ് ജോഗിന്ദർ ശർമ്മ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അന്ന് ക്യാച്ച് നേടിയ ശ്രീശാന്ത് ചരിത്രത്തിൻ്റെ ഭാഗമാവുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇന്ത്യയുടെ ചരിത്രവിജയത്തിൻ്റെ പതിനഞ്ചാം വർഷികത്തിൽ ധോണിയുടെ ആ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എസ് ശ്രീശാന്ത്.

” ധോണി ഭായ് അത്തരത്തിലുള്ള തീരുമാനങ്ങളാണ് എടുക്കാറുള്ളത്. ജോഗിന്ദർ ശർമ്മയെ ധോണി ഭായിക്ക് വളരെ നന്നായി അറിയാം. ഞങ്ങൾ ഇന്ത്യ എയർലൈൻസിന് വേണ്ടി കളിച്ചിരുന്നുവെന്ന് പലർക്കും അറിയില്ല. ഞാനും ധോണിയും യുവിയും ഭാജിയുമെല്ലാം ഇന്ത്യൻ എയർലൈൻസിന് വേണ്ടി കളിച്ചിരുന്നു. ONGC യ്ക്ക് വേണ്ടിയാണ് ജോഗി ഭായ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡൽഹിയിലും മറ്റും ഈ കമ്പനികൾക്കായി അനേകം മത്സരങ്ങൾ ഞങ്ങൾ കളിച്ചിരുന്നു. ” ശ്രീശാന്ത് പറഞ്ഞു.

” ഈ പരിചയം കൊണ്ട് തന്നെ ജോഗി ഭായുടെ വിജയ മനോഭാവം ധോണിയ്ക്കറിയാം. ഒന്നോ രണ്ടോ തവണയല്ല ഒരുപാട് തവണ ജോഗിന്ദർ ശർമ്മ ഇക്കാര്യം ചെയ്തിട്ടുണ്ടെന്ന് ധോണിയ്ക്കറിയാം. അതുകൊണ്ട് തന്നെ ജോഗിന്ദർ ശർമ്മയിൽ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു. ” ശ്രീശാന്ത് കൂട്ടിച്ചേർത്തു.