ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

അന്താരാഷ്ട്ര ടി20 യിൽ രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ നേടുന്ന 32 ആം വിജയമാണിത്. ഇതോടെ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലിയ്ക്കൊപ്പം രോഹിത് ശർമ്മയെത്തി. 50 ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 32 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ കോഹ്ലിയ്ക്കൊപ്പമെത്തുവാൻ 41 മത്സരങ്ങൾ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത്.

72 മത്സരങ്ങളിൽ നിന്നും 42 വിജയം നേടിയ എം എസ് ധോണിയാണ് ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഇരുവർക്കും മുന്നിലുള്ളത്. 44 വിജയം നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

42 വിജയത്തോടെ മുൻ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനൊപ്പം രണ്ടാം സ്ഥാനത്താണ് ധോണിയുള്ളത്. 37 വിജയം നേടിയ നിലവിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും മുൻപിൽ മൂന്നാം സ്ഥാനത്തുള്ളത്.