Skip to content

അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനൊരുങ്ങവെ കരിയറിലെ ഒരേയൊരു ദുഃഖത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഇതിഹാസ താരം ജുലൻ ഗോസ്വാമി. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് ഗോസ്വാമി.

ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാലം കളിച്ചുവെങ്കിൽ സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്തതാണ് തൻ്റെ കരിയറിലെ ഒരേയൊരു ദുഃഖമെന്ന് ജുലൻ ഗോസ്വാമി പറഞ്ഞു.

” രണ്ട് ലോകകപ്പ് ഫൈനലുകളിൽ ഞാൻ കളിച്ചു. പക്ഷേ ട്രോഫി നേടുവാൻ എനിക്ക് സാധിച്ചില്ല. അത് മാത്രമാണ് എൻ്റെ ഒരേയൊരു ദുഃഖം. കാരണം ലോകകപ്പിനായി നാല് വർഷം നമ്മൾ തയ്യാറെടുക്കുന്നു. അതിനായി ഒരുപാട് കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്. എല്ലാ ക്രിക്കറ്റർക്കും ലോകകപ്പ് വിജയിക്കുകയെന്നത് സ്വപ്നമാണ്. ” ജുലൻ ഗോസ്വാമി പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ 200 ലധികം വിക്കറ്റ് നേടിയിട്ടുള്ള ഒരേയൊരു വനിതാ ക്രിക്കറ്ററാണ് ജുലൻ ഗോസ്വാമി. ഇന്ത്യയ്ക്കായി 203 മത്സരങ്ങളിൽ നിന്നും 262 വിക്കറ്റ് താരം നേടിയിട്ടുണ്ട്. 2002 ൽ അരങ്ങേറ്റം കുറിച്ച താരം ഏതാണ്ട് രണ്ട് പതിറ്റാണ്ട് ഇന്ത്യൻ ബൗളിങ് നിരയെ നയിച്ചു.