ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ നേടിയത്. ക്യാപ്റ്റൻ ബാബർ അസമും മൊഹമ്മദ് റിസ്വാനും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം അനായാസം പാകിസ്ഥാൻ മറികടന്നു. ഈ വിജയത്തോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെയാണ് പാകിസ്ഥാൻ മറികടന്നത്. ഇതോടെ ടി20 ക്രിക്കറ്റിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 200 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്ന ആദ്യ ടീമായി പാകിസ്ഥാൻ മാറി.

ഇതിനുമുൻപ് 2017 ഐ പി എൽ സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ 184 റൺസ് പിന്തുടർന്ന് വിജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു ഒരു വിക്കറ്റ് പോലും നഷ്ടപെടാതെ ടി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ച ടീമെന്ന റെക്കോർഡ് കൈവശം വെച്ചിരുന്നത്.

മത്സരത്തിൽ ബാബർ അസം 66 പന്തിൽ 111 റൺസ് നേടിയപ്പോൾ മൊഹമ്മദ് റിസ്വാൻ 51 പന്തിൽ 88 റൺസ് നേടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണ് ഇരുവരും മത്സരത്തിൽ നേടിയത്. കഴിഞ്ഞ സൗത്താഫ്രിക്കയിലെ സെഞ്ചൂറിയനിൽ 197 റൺസ് നേടിയ തങ്ങളുടെ തന്നെ റെക്കോർഡാണ് ബാബർ അസമും റിസ്വാനും തിരുത്തികുറിച്ച്.