Skip to content

രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 88 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 334 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 44.2 ഓവറിൽ 245 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പത്തോവറിൽ 57 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ രേണുക താക്കൂറാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്.

58 പന്തിൽ 65 റൺസ് നേടിയ ഡാനിയേൽ വൈറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കി. ഇതിനുമുൻപ് 23 വർഷങ്ങൾക്ക് മുൻപ് 1999 ലാണ് ഇന്ത്യൻ വനിതകൾ അവസാനമായി ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറി നേടിയ ഹർമൻപ്രീത് 111 പന്തിൽ 18 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 143 റൺസ് അടിച്ചുകൂട്ടി. അവസാന 11 പന്തിൽ മാത്രം 43 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. 58 റൺസ് നേടിയ ഹർലീൻ ഡിയോളും 40 റൺസ് നേടിയ സ്മൃതി മന്ദാനയും കൗറിന് മികച്ച പിന്തുണ നൽകി.

ശനിയാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സീനിയർ താരം ജുലൻ ഗോസ്വാമിയുടെ അവസാന മത്സരം കൂടിയാണിത്. വിജയം നേടി പരമ്പര തൂത്തുവാരികൊണ്ട് ഇന്ത്യ ജുലൻ ഗോസ്വാമിയ്‌ക്ക് യാത്രയയപ്പ് നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.