Skip to content

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടി തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഹർമൻപ്രീത് കൗറിൻ്റെ ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി.

മത്സരത്തിൽ 100 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ഹർമൻപ്രീത് കൗർ 111 പന്തിൽ 18 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ 143 റൺസ് അടിച്ചുകൂട്ടി. ഈ തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 333 റൺസ് നേടി.

ഏകദിന ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണ് മത്സരത്തിൽ ഹർമൻപ്രീത് നേടിയത്. വനിത ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവും ഇതിനൊപ്പം ഹർമൻപ്രീത് കൗർ സ്വന്തമാക്കി. താരത്തിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. ഇതിനുമുൻപ് 2017 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ 115 പന്തിൽ പുറത്താകാതെ 171 റൺസ് കൗർ നേടിയിരുന്നു.

58 റൺസ് നേടിയ ഹർലീൻ ഡിയോൾ, 51 പന്തിൽ 40 റൺസ് നേടിയ സ്മൃതി മന്ദാന എന്നിവരാണ് ക്യാപ്റ്റനൊപ്പം മത്സരത്തിൽ മികവ് പുലർത്തിയത്. മത്സരത്തിലെ അവസാന ഓവറിൽ തുടർച്ചയായ നാല് ബൗണ്ടറിയടക്കം 18 റൺസാണ് കൗർ അടിച്ചുകൂട്ടിയത്.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണിത്.